UDF നേതാക്കൾക്ക് അധികാരം ഇല്ലാത്തതിന്റെ പ്രശ്നം,അത് ചികിത്സിക്കാൻ ഞങ്ങൾക്ക് പറ്റില്ല-മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മദ്യ നയ അഴിമതി ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലാത്ത വിഷയത്തിൽ ഒരു കഥ സൃഷ്ടിച്ച് അതിനകത്ത് നിലപാട് സ്വീകരിക്കുകയാണ് യു.ഡി.എഫിലെ ചിലർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോഴ ആരോപണത്തെ കുറിച്ച് എക്സൈസ് മന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. എട്ടുവർഷമായി അധികാരത്തിൽ ഇല്ലാത്തതിന്റെ പ്രശ്നമാണ് യുഡിഎഫിലെ ചില നേതാക്കൾക്കെന്നും അതിന് ചികിത്സ നൽകാൻ ഞങ്ങൾക്ക് പറ്റില്ലെന്നും റിയാസ് വിമർശിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനും മദ്യ നയ അഴിമതിയിൽ പങ്കുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിലവിലെ മദ്യനയത്തിൽ മാറ്റം കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ചത് മുഹമ്മദ് റിയാസാണെന്നും ഇടപെടൽ ഉണ്ടായത് അദ്ദേഹത്തിന് വേണ്ടിയാണെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. ഇതെല്ലാം നടന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമാണ് യു.ഡി.എഫ്. വാദം.
മദ്യനയ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട യു.ഡി.എഫ്, മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എക്സൈസ് മന്ത്രിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർത്ഥ വസ്തുത പുറത്തുരില്ലെന്നും മന്ത്രി നേരിട്ട് പോലീസിന് പരാതി നൽകിയത് ടൂറിസം മന്ത്രിയെ രക്ഷിക്കാനാണെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നാണ് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ വ്യക്തമാക്കുന്നത്.
ജൂൺ 10 മുതൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബാർ കോഴ വിഷയം ഉന്നയിക്കാനാണ് ഇപ്പോൾ യു.ഡി.എഫിന്റെ തീരുമാനം. നിലവിൽ പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടതില്ലെന്നും സർക്കാരിന്റെ സമീപനം അറിയുംവരെ കാത്തിരിക്കാനുമാണ് യു.ഡി.എഫ്. തീരുമാനം.

