ബാന്ദ്രയില്‍ 14 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി തൃപ്തി ദിമ്രി; ഷാരൂഖും സല്‍മാനും അയല്‍ക്കാര്‍
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ‘അനിമല്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് തൃപ്തി ദിമ്രി. ‘സോയ റിയാസ്’ എന്ന കഥാപാത്രമായി എത്തിയ തൃപ്തി ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ തൃപ്തി മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കിയ വാര്‍ത്തയാണ് പുറത്തുവരുന്നത് ബാന്ദ്ര വെസ്റ്റ് ഏരിയയിലാണ് താരം ആഡംബര ഭവനം വാങ്ങിയിരിക്കുന്നത്. ഏകദേശം 14 കോടി രൂപയാണ് ഈ വീടിന് വില വരുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, രേഖ, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ താമസിക്കുന്ന കാര്‍ട്ടര്‍ റോഡിലാണ് തൃപ്തിയുടേയും ആഡംബര ഭവനം. 2226 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. 70 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടിയായും 30,000 രൂപ രജിസ്ട്രേഷന് തുകയായും താരം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മൂന്നിനായിരുന്നു രജിസ്ട്രേഷന്. കാര്‍ട്ടര്‍ റോഡിനെക്കൂടാതെ ബാന്‍ഡ്സ്റ്റാന്‍ഡ്, പാലി ഹില്‍ എന്നിവയാണ് ബാന്ദ്ര വെസ്റ്റിലെ സെലിബ്രിറ്റി റെസിഡന്‍ഷ്യല്‍ സ്പോട്ടുകള്‍. അമീര്‍ ഖാന്, സെയ്ഫ് അലി ഖാന്, ജാന്‍വി കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം ഈ മേഖലകളിലാണ് താമസിക്കുന്നത്. 2023-ല്‍ 37 കോടി രൂപ നല്കി 2497 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപാര്‍ട്മെന്റ് ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 16.5 കോടി രൂപ ചെലവഴിച്ച് കജോളും അപാര്‍ട്മെന്റ് വാങ്ങിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജാന്‍വി കപൂറും കുടുംബവും 65 കോടി രൂപ മുടക്കി പാലി ഹില്ല്സില്‍ ഒരു ഡ്യൂപ്ലക്സ് അപാര്‍ട്മെന്റ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തൃപ്തിയും സെലിബ്രിറ്റി ഏരിയയില്‍ വീട് സ്വന്തമാക്കിയത്. ഉത്തരാഖണ്ഡിലെ ഗര്‍ഹ്വാള്‍ സ്വദേശിയാണ് തൃപ്തി. 2017-ല്‍ ശ്രീദേവിയുടെ ‘മോം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സാജിദ് അലിയുടെ ലൈലാ മജ്നുവില് അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. അനുഷ്ക ശര്‍മ നിര്‍മിച്ച ബുള്‍ബുള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വേരുറപ്പിച്ചു.