മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ പുറത്താക്കണം- ജി.സുധാകരൻ

ആലപ്പുഴ: യുഡിഎഫ് സർക്കാരിലെ തർക്കത്തിനെതിരെ രൂക്ഷ വിമർശമുയർത്തി ജി.സുധാകരൻ എംഎൽഎ. ഓരോരോ കാര്യങ്ങൾ നേടിയെടുക്കാൻ അനാവശ്യമായി തർക്കിക്കുകയാണെന്നും മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അവരെ അപ്പോൾ തന്നെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില എംപിമാരും മന്ത്രിയാവാൻ നടക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
അനാവശ്യമായ ആഭ്യന്തര തർക്കങ്ങളും വ്യക്തിപരമായ അസംതൃപ്തികളും അവസാനിപ്പിച്ച് നല്ലൊരു ഭരണം കാഴ്ചവെക്കണം. ജനം അതാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴും അതിന് സാധിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
‘മന്ത്രിമാരിൽ കൊള്ളാത്തവർ ഉണ്ടെങ്കിൽ മാറ്റിയേക്കണം അപ്പൊ തന്നെ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി വന്നു ഇരിക്കാൻ പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസമാണ് മന്ത്രിമാരാകുന്നതിൽ പ്രധാനം. മുഖ്യമന്ത്രിയുടെ വിശ്വാസമുള്ളിടത്തോളം മാത്രമേ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കൂ. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പ്രസ്താവന ഇറക്കാൻ പാടുണ്ടോ? അങ്ങനെ ഇറക്കിയാൽ ആ സ്ഥാനത്ത് പിന്നെ ഇരിക്കരുത്. എത്ര വലിയ ആളായാലും അപ്പോ പുറത്താക്കണം. വേറെ ആളെ എടുക്കണം. അതിനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. അദ്ദേഹം അത് ചെയ്യാത്തത് ഇടവും വലവും നോക്കാനുള്ളതിനാലാണെന്ന് എനിക്കറിയാം’ സുധാകരൻ പറഞ്ഞു.
ഓരോരുത്തരും അവരുടെ അസംതൃപ്തി തുറന്ന് പ്രകടിപ്പിക്കുകയാണ്. പാർലമെന്റിൽ പോയവർക്ക് സംസ്ഥാനത്ത് വന്ന് മന്ത്രിയാകണം. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊന്ന്? അസംബ്ലിയേക്കാൾ വലുതാണ് പാർലമെന്റ് എന്ന തിരിച്ചറിവ് വേണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

