മഴ കനക്കുന്നു: വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

കല്പറ്റ/ പത്തനംതിട്ട: ശക്തമായ മഴതുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുൾപ്പെടെയാണ് അവധി. പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റം ബാധകമായിരിക്കില്ല.
ചേര്‍ത്തല താലൂക്കിലും അവധി
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും വ്യാഴാഴ്ച ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

