KSDLIVENEWS

Real news for everyone

88 വർഷത്തെ ഏറ്റവും കനത്ത മഴ: സ്തംഭിച്ച് ജനജീവിതം, പ്രശ്നം പരിഹരിക്കും വരെ സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ല

SHARE THIS ON

ന്യൂഡല്‍ഹി∙ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനഗരി. 88 വർഷത്തിനുശേഷമുണ്ടായ കനത്തമഴയെത്തുടർന്നു പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഡൽഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ വെള്ളിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്.

രൂക്ഷമായ വെള്ളക്കെട്ട്, ഓടകൾ കവിഞ്ഞൊഴുകുന്ന സാഹചര്യം എന്നിവ വിലയിരുത്താൻ ഡൽഹി സർക്കാർ, ഡൽഹി ജല വകുപ്പ്, പിഡബ്ല്യുഡി, വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗം(ഐ ആൻഡ് എഫ്‌സി), മുനിസിപ്പൽ കോർപ്പറേഷൻ, മെഡിക്കൽ കോളേജ് അധികൃതർ, ഡൽഹി പൊലീസ്, എൻഡിആർഎഫ് തുടങ്ങിയ ഏജൻസികളുമായി ഡൽഹി ലഫ്റ്റണന്റ് ഗവർണർ വികെ സക്‌സേന അടിയന്തര യോഗം നടത്തി. വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള അടിയന്തര കൺട്രോൾ റൂം സ്ഥാപിക്കാനും സ്റ്റാറ്റിക് പമ്പുകൾ വിന്യസിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.



അവധിയിലുള്ള എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും ഉടൻ ഡ്യൂട്ടിയിലേക്കു മടങ്ങാനും അടുത്ത രണ്ടു മാസത്തേക്ക് അവധി അനുമതികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും എൽജി ഉത്തരവിട്ടു. മഴയെത്തുടർന്നു ഡൽഹിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലുകള്‍ കാരണമാണെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി. നിരവധി തവണ ഓർമിപ്പിച്ചിട്ടും ‍ഡൽഹി സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡൽഹിയിലെ വസന്ത് വിഹാറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനായി എടുത്ത കുഴിയിൽ മൂന്ന് തൊഴിലാളികൾ വീണു. സ്ഥലത്തിനു സമീപം താൽക്കാലികമായി താമസിക്കാൻ നിർമിച്ച കൂര മഴയത്ത് തകര്‍ന്നു വീണതാണ് അപകടത്തിനു കാരണമായത്. എൻഡിആർഎഫും അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, തന്റെ വീടും വെള്ളത്തിൽ മുങ്ങിയതായും വീട്ടുപകരണങ്ങൾക്കു കേടുപാടു വന്നതായും കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ എക്സിൽ കുറിച്ചു. 

വെള്ളക്കെട്ട് സംബന്ധിച്ച പരാതികൾക്കായി മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂറും എമർജൻസി കൺട്രോൾ റൂം സ്ഥാപിക്കും. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ മാലിന്യം നീക്കം ചെയ്യാനും ഉദ്യോഗസ്‌ഥർക്കു നിർദേശമുണ്ട്. മഴയെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!