KSDLIVENEWS

Real news for everyone

നീലേശ്വരത്ത് വീട്ടിലെ കവർച്ച: 12 മണിക്കൂറിനകം പ്രതി പിടിയിൽ

SHARE THIS ON

“നീലേശ്വരം : ചിറപ്പുറം ഒ.വി.രവീന്ദ്രന്റെ വീട്ടിൽനിന്ന്‌ വ്യാഴാഴ്ച ഉച്ചയ്ക്ക് 17.5 പവൻ സ്വർണവും 8,000 രൂപയും കവർച്ചചെയ്ത പ്രതിയെ 12 മണിക്കൂറിനകം പോലീസ് പിടികൂടി. കൊട്ടാരക്കര ഇടക്കിടം ഏഴുകോൺ സ്വദേശി എസ്.അഭിരാജിനെ (31) നടക്കാവ് പോലീസിന്റെ സഹായത്തോടെ കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽനിന്നാണ് പിടികൂടിയത്. കവർച്ചചെയ്ത ആഭരണവും പണവും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തതായി ഇൻസ്പെക്ടർ കെ.വി.ഉമേശൻ പറഞ്ഞു.

പിടിയിലായത് നിരവധി കേസുകളിലെ പ്രതിഅഭിരാജിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 13 കേസുകളുണ്ട്. ബേക്കലിൽ വീട് കുത്തിത്തുറന്ന് 25,000 രൂപ മോഷ്ടിച്ച കേസിലും പ്രതിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് നീലേശ്വരം പേരോൽ പഴനെല്ലിയിലെ കെ.വി.ശോഭനയുടെ വീട്ടിൽ നടത്തിയ മോഷണശ്രമം പരാജയപ്പെട്ട ശേഷമാണ് രവീന്ദ്രന്റെ വീട്ടിൽ കവർച്ച നടത്തിയത്. ശോഭന ആസ്പത്രിയിൽ പോയതായിരുന്നു. അലമാര കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. വിലപിടിപ്പുള്ളതൊന്നും ഇവിടെനിന്ന്‌ കിട്ടിയില്ല. ശോഭനയുടെ പരാതിയിലും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

കവർച്ച ഏഴുമിനിറ്റിൽ

സമയവും സ്ഥലവും ചുറ്റുപാടും നേരത്തേ കൃത്യമായി പഠിച്ചാണ് അഭിരാജ് മോഷണത്തിനെത്തിയതെന്ന് വ്യക്തം. രവീന്ദ്രൻ രാവിലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. നിരീക്ഷണ ക്യാമറയിലെ സമയപ്രകാരം ഭാര്യ ഇ.നളിനി 2.27-നാണ് വീട്ടിൽനിന്ന്‌ മകളുടെ കുട്ടിയുടെ വിദ്യാലയത്തിൽ പി.ടി.എ. യോഗത്തിന് പോയത്. ഈ സമയം റോഡിലൂടെ രണ്ടുപേർ ഇരുചക്രവാഹനത്തിൽ കടന്നുപോയി. ഇതേവാഹനം തിരിച്ചെത്തി വീടിന്റെ കവാടത്തിന് പുറത്ത് ഒരാളെയിറക്കി. വീട്ടിലേത്ത് നടന്നുവന്ന് ആളില്ലെന്ന് ഉറപ്പാക്കി. തിരിച്ചുനടന്ന്‌ ഇരുമ്പുകമ്പിയെടുത്ത് വീടിന്റെ പിൻഭാഗത്തക്ക്‌ പോയി.

ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്നശേഷം അലമാര തുറന്ന് ആഭരണവും പണവും കൈക്കലാക്കി 2.37-ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. വൈകുന്നേരം നാലരയോടെ രവീന്ദ്രനും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പോലീസിൽ അറിയിച്ചു.

പോലീസിന്റെ ചടുലനീക്കം

അഞ്ചുമണിയോടെ സ്ഥലത്തെത്തിയ ഇൻസ്പെക്ടർ കെ.വി.ഉമേശൻ, സബ് ഇൻസ്പെക്ടർ ടി.വിശാഖ്, കെ.വി.രതീശൻ എന്നിവർ വീട്ടിലെയും പരിസരങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. വീട്ടിലെ ക്യാമറയിൽ പതിഞ്ഞ ചിത്രംവെച്ച് കുറ്റവാളികളുടെ പട്ടിക പരിശോധിച്ചു. ജയിലിന് പുറത്തുള്ള പ്രതികളെക്കുറിച്ച് ഇതര പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതോടെ മോഷണം നടത്തിയ ആളെക്കറിച്ച് ഏകദേശ ധാരണയിലെത്തി.

കാസർകോട് സൈബർ സെല്ലിന്റെയും കോഴിക്കോട് ഡാൻസാഫിന്റെ സഹായത്തോടെയാണ് പ്രതി കോഴിക്കോട്ടെത്തിയതെന്ന് തിരിച്ചറിയുകയും എസ്.ഐ. ടി.വിശാഖ്, പോലീസ് ഉദ്യോഗസ്ഥരായ പി.വി.ശ്രീജിത്ത്, അമൽ രാമചന്ദ്രൻ, ഡ്രൈവർ ജയേഷ്, ഹോംഗാർഡ് എൻ.എൻ.ഗോപിനാഥ് എന്നിവരടങ്ങുന്ന സംഘം കോഴിക്കോട്ടെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെ നീലേശ്വരം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇരുചക്രവാഹനത്തിൽ കൂടെയുണ്ടായിരുന്നയാളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച പള്ളിക്കര സെയ്‌ന്റ് ആൻസ് സ്കൂളിന് സമീപത്തെ വീട് കുത്തിത്തുറന്ന് നാലരപ്പവൻ സ്വർണാഭരണം കവർച്ചചെയ്ത കേസിലും നീലേശ്വരം പോലീസ് 24 മണിക്കൂറിനകം പ്രതിയെ പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!