KSDLIVENEWS

Real news for everyone

കൊതുകുകളെ പ്രതിരോധിക്കാൻ ക്ലാസ്‌മുറികൾക്ക് കൊതുകുവല ജനാലകളുമായി കാസർകോട് ഗവ: യു.പി സ്‌കൂൾ

SHARE THIS ON

കാസർകോട് : പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പ്രതിരോധത്തിന്റെ കവചമൊരുക്കാൻ കൊതുകുവല ജനാലകളുമായി കാസർകോട് ഗവ. യു.പി. സ്കൂൾ പി.ടി.എ. കാസർകോട് നഗരസഭയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ സുരക്ഷയെക്കരുതി കൊതുകുശല്യം കൂടുതലുള്ള ഭാഗത്തെ ക്ലാസ് മുറികളുടെ ജനാലകളും വാതിലുകളും പി.ടി.എ.യുടെ നേതൃത്വത്തിൽ ഉരുക്കിന്റെ വലയിട്ട് സുരക്ഷിതമാക്കിയത്.

രക്ഷിതാക്കളിൽനിന്ന്‌ കഴിഞ്ഞവർഷം സമാഹരിച്ച തുകയിൽനിന്ന്‌ 45,000 രൂപ ചെലവിട്ടാണ് നാല് ക്ലാസ് മുറികളിലായുള്ള 35 ജനാലകൾക്ക് അലുമിനിയം ഫ്രെയിമിൽ ഉരുക്കുവല തീർത്തത്.


സ്കൂളിന് സൗകര്യം കുറവായതിനാൽ ഇത്തവണ എ.ഇ.ഒ. ഓഫീസിനു സമീപം മുൻപ് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളിലേക്ക് ക്ലാസ്‌മുറികൾ മാറ്റിയിരുന്നു. എസ്.എസ്.കെ. ഫണ്ടിൽനിന്ന് ലഭിച്ച 4.8 ലക്ഷം രൂപയ്ക്കൊപ്പം നാലുലക്ഷത്തോളം രൂപ പി.ടി.എ.യും ചെലവിട്ടാണ് ഇവിടെ കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്താനാവശ്യമായ സൗകര്യമൊരുക്കിയത്.

മൂന്ന് മുറികളുള്ള ഒരു കെട്ടിടം പൂർണമായും നവീകരിച്ചു. കുടിവെള്ള സൗകര്യത്തിനായി പുതിയ പൈപ്പും ടാങ്കും മോട്ടോറും പി.ടി.എ. ഒരുക്കി. ഒപ്പം മൂത്രപ്പുരയും കക്കൂസും ഭക്ഷണത്തിനുശേഷം കൈകഴുകാനുള്ള സൗകര്യവും പുതുക്കിപ്പണിതു.

എന്നാൽ സ്കൂളിന് ചുറ്റുമുള്ള സ്വകാര്യ, പൊതുസ്ഥലങ്ങൾ കൊതുക്‌ സാന്നിധ്യമുള്ളതിനാലാണ് ക്ലാസ് മുറികൾ കൂടുതൽ സുരക്ഷിതമാക്കാൻ പി.ടി.എ. തയ്യാറായത്.

ആഴ്ചയിൽ ഒരു ദിവസം നഗരസഭയുടെ നേതൃത്വത്തിൽ കൊതുകിന്റെ ഉറവിട നശീകരണവും നടക്കുന്നുണ്ട്.

error: Content is protected !!