KSDLIVENEWS

Real news for everyone

ഗസ്സയിലെ വംശഹത്യ: ഇസ്രായേലിലേക്ക് ഇന്ത്യ ആയുധങ്ങള്‍ കയറ്റുമതി ചെയ്തത് 2,563 തവണ; ആംനസ്റ്റി ഇന്റര്‍നാഷണല്‍

SHARE THIS ON

ന്യൂഡല്‍ഹി: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ഇന്ത്യ തുടരുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ 2563 തവണ ഇന്ത്യ ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തതായി ആംനസ്റ്റി പറയുന്നു.

ഇതില്‍ ഡ്രോണ്‍ വാര്‍ഹെഡുകളും സ്ഫോടക വസ്തുക്കളും അടക്കം ഉള്‍പ്പെടുന്നു. സ്വകാര്യ കമ്പനികള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള കമ്പനികളും ഈ ആയുധ കൈമാറ്റത്തില്‍ പങ്കാളികളാണ്.

ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന പ്രതിരോധ കമ്പനികളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങള്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ നിന്നെത്തിയ പല ആയുധങ്ങളും ഖാന്‍ യൂനുസില്‍ നിന്ന് കണ്ടെടുത്ത ആയുധാവശിഷ്ടങ്ങളുമായി സാമ്യമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ സേനയായ ഐഡിഎഫ് ഗസ്സയില്‍ പ്രയോഗിക്കുന്നതായി പറയപ്പെടുന്ന 155 മില്ലീമീറ്റര്‍ ഹൈ എക്‌സ്‌പ്ലോസീവ് ആര്‍ട്ടിലറി ഷെല്ലുകള്‍, സ്‌കൈസ്‌ട്രൈക്കര്‍ ലോയിറ്ററിങ് മ്യുണീഷന്‍ തുടങ്ങിയവയും കയറ്റുമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കുറഞ്ഞത് 390,516 ചെറിയ ആയുധ ഭാഗങ്ങളും 564,970 സ്‌ഫോടക വസ്തുക്കളും സൈനിക വാഹനങ്ങളുടെ 298 ഭാഗങ്ങളുമാണ് ഇന്ത്യന്‍ കമ്പനികള്‍ ഇസ്രായേലിലേക്ക് കയറ്റിയയച്ചത്.

ഇന്ത്യയുടെ ഈ നടപടി ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കണമെന്നും ആംനസ്റ്റി ഇന്ത്യയോട് ആവശ്യപ്പെട്ടു.

പ്രതിരോധത്തില്‍ ഇസ്രായേലുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യ വളരെയധികം മുന്നോട്ടുപോയിരിക്കുന്നു. ഗസ്സയില്‍ വംശഹത്യയും അന്താരാഷ്ട്ര നിയമലംഘനങ്ങളും നടക്കാന്‍ സാധ്യതയുള്ളതായി പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് ഇന്ത്യയുടെ ആയുധ കയറ്റുമതിയെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ അഗ്നസ് കാലമാര്‍ഡ് പറഞ്ഞു.

ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കാര്യമായ നിയന്ത്രണങ്ങളില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. ആയുധ കയറ്റുമതിയിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാരിനും റിപ്പോർട്ടിൽ പരാമർശിക്കുന്ന ഒമ്പത് കമ്പനികള്‍ക്കും കത്തയച്ചതായും ആംനസ്റ്റി അറിയിച്ചു.

ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ആംനസ്റ്റി ഈ കത്തുകള്‍ അയച്ചിരിക്കുന്നത്. അതേസമയം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!