അര്‍ജുന്റെ ലോറി കരയിലെ മണ്ണില്‍ തന്നെയുണ്ട്, അതിന് 90 ശതമാനത്തിന് മേലെ ചാൻസുണ്ട്; രക്ഷാപ്രവര്‍ത്തകൻ രഞ്ജിത്ത് ഇസ്രായേല്‍

അങ്കോല: കർണാകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറി കരയിലെ മണ്ണില്‍ തന്നെയുണ്ടെന്ന് അങ്കോലയില്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന രഞ്ജിത്ത് ഇസ്രായേല്‍.
ലോറി കരയിലെ മണ്ണിലുണ്ടാകാനുള്ള ചാൻസ് 90 ശതമാനത്തിനും മേലെയാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
’80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത്. അത് ആർക്കുവേണമെങ്കിലും പരിശോധിച്ചാല്‍ മനസിലാകും. ബോർവെല്ലിന്റെ ഡ്രില്ലിങ് ഉപകരണമാണ് ഇനി വേണ്ടത്. അത് ഉപയോഗിച്ചാല്‍ മെറ്റല്‍ സാന്നിധ്യമുണ്ടെങ്കില്‍ അതില്‍ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കില്‍ പ്രതീക്ഷയുണ്ട്. പക്ഷേ,അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ല. ഞാൻ വെറുമൊരു സാധാരണക്കാരനാണ്. അർജുന്റെ മൊബൈല്‍ റിങ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത്രയും ഭാരമുള്ള ലോറി വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ റെഡാറില്‍ കിട്ടാവുന്നതേയുള്ളൂ. ഇതൊക്കെ അതിനുള്ള തെളിവാണ്..’ രഞ്ജിത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം ശരിയായി നടക്കുന്നില്ലെന്നും രഞ്ജിത്ത് ആരോപിച്ചു.
അതേസമയം, അർജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലില്‍ കരയില്‍ ലോറി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തില്‍ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചില്‍. അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.
ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചില്‍ തുടരും. ഡ്രഡ്ജർ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. അതേസമയം, സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്‌തും പരിശോധന തുടരും.

