KSDLIVENEWS

Real news for everyone

ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

SHARE THIS ON

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം കളിമതിയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് പാഡഴിക്കുന്നത്.

കഥ മുഴുവനായി വായിക്കാന്‍ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. ഞാന്‍ അതാണ് ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. -ശിഖര്‍ ധവാന്‍ പറഞ്ഞു. കരിയറില്‍ ഒപ്പം കളിച്ച ടീമംഗങ്ങളോട് നന്ദി പറഞ്ഞ താരം ആരാധകരാേടുള്ള സ്‌നേഹവും പ്രകടിപ്പിച്ചു.


ഇന്ന് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നല്ല ഓര്‍മകള്‍ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം. അതെനിക്ക് സാധിച്ചു. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ കുറേ പേരുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ആദ്യം എന്റെ കുടുംബമാണ്. എന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ പരേതനായ തരക് സിന്‍ഹ, മദന്‍ ശര്‍മ. അവരുടെ കീഴിലാണ് ഞാന്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. -ധവാന്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനക്രിക്കറ്റിലാണ് താരം കൂടുതല്‍ ശോഭിച്ചത്. ഇടംകൈയ്യന്‍ ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ ധവാന് കഴിഞ്ഞു. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഡല്‍ഹിയില്‍ ജനിച്ച ധവാന്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2013-മുതല്‍ മൂന്നുഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015-ല്‍ ഏകദിനലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ്. നീണ്ട 20-വര്‍ഷം നീണ്ട കരിയറിനാണ് തിരശ്ശീല കുറിക്കപ്പെടുന്നത്. ഐപിഎല്ലില്‍ താരം കളി തുടര്‍ന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!