KSDLIVENEWS

Real news for everyone

അര്‍‌ജുൻ ഇനി ഓര്‍മ്മ, കണ്ണീരോടെ വിടനല്‍കി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

SHARE THIS ON

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലാണ് സംസ്‌കരിച്ചത്. അർജുന്റെ സഹോദരൻ അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാർ അടക്കം രാഷ്ട്രീയ പ്രമുഖർ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ജന്മനാടുനല്‍കിയ യാത്രാമൊഴിയോടെയാണ് അർജുൻ എന്ന മുപ്പതുകാരൻ വിടവാങ്ങിയത്. മൃതദേഹം പൊതുദർശനത്തിന് വച്ചതിനുശേഷമായിരുന്നു സംസ്‌കാരം. അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ്

കണ്ണാടിക്കലിലെ വീട്ടിലെത്തിയത്.

രാവിലെ ആറര മണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. ഇവിടെ വച്ച്‌ മന്ത്രി എ കെ ശശീന്ദ്രൻ, കോഴിക്കോട് ജില്ലാ കളക്ടർ തുടങ്ങിയവർ ചേർന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നല്‍കും. കാർവാർ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ തുക അർജുന്റെ അമ്മയെ ഏല്പിക്കും. സംസ്‌കാര ചടങ്ങിന് ശേഷമേ അദ്ദേഹം മടങ്ങൂ എന്നാണ് വിവരം.

ലോറിയുടെ ക്യാബിനില്‍ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്‌, ചെരുപ്പ്, ഫോണുകള്‍, പ്രഷർ കുക്കർ, സ്റ്റീല്‍ പാത്രങ്ങള്‍, രേഖകള്‍, ബാഗ് തുടങ്ങിയ സാധനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ആംബുലൻസില്‍ കയറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!