അമ്മയിലെ കൂട്ടരാജി ആഭ്യന്തരപ്രശ്നം, സർക്കാർ ഇടപെടേണ്ട സാഹചര്യമില്ല- പി.സി. വിഷ്ണുനാഥ്

അമ്മ’ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരിച്ച് സിനിമാ സാംസ്കാരിക വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥ്. അമ്മയിലേത് ആഭ്യന്തരപ്രശ്നമായാണ് കാണുന്നതെന്നും സർക്കാർ തൽക്കാലം ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. സംഘടനയ്ക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി
താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. സർക്കാർ ഇടപെടാൻ തക്ക പ്രശ്നങ്ങൾ കാണുന്നില്ല. അവിടെ നടന്ന ചർച്ചകൾ ഏതുതരത്തിലാണെന്നതൊന്നും അറിയില്ല. അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള തീരുമാനങ്ങളാണ്. പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്- മന്ത്രി പറഞ്ഞു.
ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തിയാൽ മലയാള സിനിമ വീണ്ടും സുവർണകാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. മലയാള സിനിമയ്ക്ക് വലിയ ദേശീയ അന്തർദേശീയ പ്രാധാന്യം ലഭിക്കുന്നുണ്ട്. പുതിയ നല്ല സിനിമകളും പരീക്ഷണ സിനിമകളും വരുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ സംഘടനയുമായി ബന്ധപ്പെട്ട് ഇത്തരം ചർച്ചകൾ നിരന്തരം ഉണ്ടാകുന്നത് നല്ലതാണെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘അമ്മ’യിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. താരസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സിനിമാ മേഖലയിൽ തന്നെയുള്ള മുതിർന്ന വ്യക്തിത്വങ്ങൾ മാറി നിൽക്കാതെ ഇടപെട്ട് പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സിനിമയ്ക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പാവകളായിരിക്കാൻ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമ്മ സംഘടനയിൽ നിന്ന് പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ചത്. അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരിക്കുകയാണ്. മുഴുവൻ നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.
വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനമുണ്ടായത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.

