കാസർകോട് ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സമയം കൂട്ടി; ഇനി മൂന്ന് ഷിഫ്റ്റ്

കാസർകോട്: ജനറൽ ആസ്പത്രി ഡയാലിസിസ് യൂണിറ്റിൽ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു. ഇതോടെ 12 രോഗികളെ അധികമായി ഡയാലിസിസ് ചെയ്യാൻ പറ്റും.
നിലവിൽ 25 രോഗികൾക്കാണ് ഡയാലിസിസ് സൗകര്യമുണ്ടായിരുന്നത്. എൻഡോസൾഫാൻ ഫണ്ടുപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്. ഫണ്ട് നിലച്ചപ്പോൾ നഗരസഭയുടെ പ്രോജക്ട് ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് യുണിറ്റിന് ആവശ്യമായ മരുന്നുകൾ വാങ്ങുന്നത്. എൻ.എച്ച്.എം. വഴി നിയമിച്ച ജീവനക്കാർക്ക് പുറമേ കാസ്പ് ഫണ്ട് ഉപയോഗിച്ച് രണ്ട് ഡയാലിസിസ് ടെക്നീഷ്യമാരെ കൂടി മൂന്നാം ഷിഫ്റ്റിന് വേണ്ടി പുതുതായി നിയമിച്ചിട്ടുണ്ട്.
മൂന്നാം ഷിഫ്റ്റിന്റെ പ്രവർത്തനം നഗരസഭാ ചെയമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷനായി. ആസ്പത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ്, ഡോ. എ.ജമാൽ അഹമ്മദ്, വികസന സ്ഥിരംസമിതി അധ്യക്ഷൻ ആസിഫ് സഹിർ, ലതീഷ്, രാജി, മാഹിൻ കുന്നിൽ എന്നിവർ സംസാരിച്ചു.

