KSDLIVENEWS

Real news for everyone

ഹെപ്പറ്റൈറ്റിസ്; ജാഗ്രത നിർദേശം നൽകി ജില്ലാ ആരോഗ്യവിഭാഗം

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ മരണം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രോഗപ്പകർച്ച തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.

ഹെപ്പറ്റൈറ്റിസ് എ വൈറസാണ് രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇത് പകരുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചതിനുശേഷം രണ്ടു മുതൽ ആറ് ആഴ്ചകൾക്കുശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങൾ സാധാരണയായി രണ്ടു മുതൽ 12 ആഴ്ച വരെ നീളും.

ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം)
ഇരുണ്ട നിറമുള്ള മൂത്രം
കടുത്ത ക്ഷീണം
ഓക്കാനം
ഛർദി
വയറുവേദന
തലവേദന
പേശിവേദന
പനി

ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം

പ്രതിരോധ മാർഗങ്ങൾ
മലമൂത്രവിസർജനം ശൗചാലയത്തിൽ മാത്രം.
ആഹാരത്തിന് മുമ്പും മലമൂത്ര വിസർജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക.
കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം.
ഐസിന്റെ ശുചിത്വം ഉറപ്പുവരുത്താതെ കടകളിൽനിന്ന് വിൽപന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്‌, ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റുൽപന്നങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകുന്നത് ഒഴിവാക്കുക.
തൂവാല, തോർത്ത്‌ മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കുവെക്കാതിരിക്കുക.
രോഗലക്ഷണം കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിൽ ചെന്ന് ചികിത്സതേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!