KSDLIVENEWS

Real news for everyone

മുണ്ടക്കൈ-ചൂരൽമല ദുരന്തം: ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ

SHARE THIS ON

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക പ്രസിദ്ധീകരിച്ചു. 388 കുടുംബങ്ങളാണ് കരട് പട്ടികയിൽ ഉൾപ്പെട്ടത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടകവീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്.

കളക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ. ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എൽ.എസ്.ജി.ഡി.യുടെ lsgkerala.gov.in ജില്ലാഭരണകൂടത്തിന്റെ wayanad.gov.in വെബ്സൈറ്റിലൂടെയും കരട് പട്ടിക പരിശോധിക്കാം.

പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ 2025 ജനുവരി 10-ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓൺലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കും കൈപ്പറ്റ് രസീത് നൽകും.

കരട് പട്ടികയിലെ ആക്ഷേപങ്ങളിൽ സബ്കളക്ടർ സ്ഥലപരിശോധന നടത്തിയശേഷം റിപ്പോർട്ട് തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. തുടർന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരിൽക്കണ്ട് ആക്ഷേപത്തിൽ തീർപ്പുകല്പിക്കും.ജനുവരി 10-നുശേഷം 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

അന്തിമപട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സർക്കാരിലെ ദുരന്തനിവാരണവകുപ്പിൽ നൽകണം. നവംബർ 26-ലെ ദുരന്ത നിവാരണവകുപ്പിന്റെ മാർഗനിർദേശപ്രകാരമാണ് കരടു പട്ടിക തയ്യാറാക്കിയത്.

ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് നാലുമാസത്തിനുശേഷമാണ് പുനരധിവാസത്തിനായുള്ള കരട്പട്ടിക പ്രസിദ്ധീകരിക്കുന്നത്. മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലായിരുന്നു ദുരന്തം. ദുരന്തബാധിതർ നിലവിൽ സർക്കാരിന്റെ താത്കാലിക പുനരധിവാസത്തിൽ വിവിധയിടങ്ങളിൽ വാടകവീടുകളിലാണ് താമസിക്കുന്നത്.

ദുരന്തമേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിലെ താമസക്കാരെ പുനരധിവാസത്തിന്റെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ആക്ഷേപങ്ങൾ ജനുവരി 10 വരെ അറിയിക്കാം


പുനരധിവാസം: സംസ്ഥാനസർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ബി.ജെ.പി.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പടർത്താനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കേന്ദ്രസർക്കാരിനെതിരേയുള്ള കേവല രാഷ്ട്രീയപ്രചാരണത്തിനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് വ്യോമസേന രക്ഷാപ്രവർത്തനത്തിനെത്തിയതിന്റെ ചെലവ് ചോദിച്ചത്. അത് സാങ്കേതികനടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസത്തിനുള്ള മാസ്റ്റർപ്ളാൻ സംസ്ഥാനം തയ്യാറാക്കി കേന്ദ്രത്തിന് ഈ മാസം 30-ന് മുൻപ് കൈമാറണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം 30-ന് ജില്ലയിൽ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

ദുരന്തബാധിതർ, കൃഷിഭൂമി, പുനരധിവാസത്തിനുള്ള ഭൂമി, പാരിസ്ഥിതികാഘാത പഠനം, ആരോഗ്യം, വിദ്യാഭ്യാസം, ടൗൺഷിപ്പ് തുടങ്ങിയവ ഉൾക്കൊള്ളുന്ന മാസ്റ്റർ പ്ലാൻ സംസ്ഥാനം കേന്ദ്രത്തിന് കൈമാറണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് വാഗ്ദാനംനൽകിയ വിവിധ സന്നദ്ധപ്രവർത്തകരുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും യോഗം അടിയന്തരമായി വിളിക്കണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച തുകയും അതിൽ എത്ര ചെലവാക്കിയെന്നും വെളിപ്പെടുത്തണം, കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ച ദുരന്തപ്രതികരണനിധി (എസ്.ഡി.ആർ.എഫ്.) ഫണ്ട് ചെലവാക്കിയോയെന്ന് വ്യക്തമാക്കണം, സംസ്ഥാനസർക്കാർ ധവളപത്രം പുറപ്പെടുവിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നിയിച്ചു.

“പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരിഞ്ചുപോലും സംസ്ഥാനസർക്കാർ മുൻപോട്ടുപോയിട്ടില്ല. സംസ്ഥാനത്തിന്റെ കടബാധ്യതകൾ തീർക്കാനായി കള്ളക്കണക്കുകൾ അവതരിപ്പിക്കുകയാണ്” -കൃഷ്ണദാസ് പറഞ്ഞു.

ബി.ജെ.പി. ജില്ലാപ്രസിഡന്റ് പ്രശാന്ത് മലവയൽ, ജില്ലാ ജനറൽസെക്രട്ടറി എം.പി. സുകുമാരൻ, പി.ജെ. ആനന്ദ്കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!