KSDLIVENEWS

Real news for everyone

24 മണിക്കൂർ കഴിഞ്ഞു, ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ: അദാനി-എപ്സ്റ്റീൻ വിഷയങ്ങളിലും മോദിയെ വെല്ലുവിളിച്ച് രാഹുൽ

SHARE THIS ON

ന്യൂഡൽഹി: നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച സംവാദ വെല്ലുവിളി 24 മണിക്കൂർ പിന്നിട്ട പശ്ചാത്തലത്തിൽ വീണ്ടും വെല്ലുവിളിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് നിരന്തരം ആരോപിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ആർക്കാണ് യഥാർഥത്തിൽ രാജ്യദ്രോഹപരമായ നിലപാടുകളുള്ളതെന്നും ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളതെന്നും ആ ബന്ധങ്ങളുടെ സ്വഭാവം എന്താണെന്നും വ്യക്തമാക്കാൻ വൈകാതെ തന്നെ വേദി നിശ്ചയിക്കണമെന്നും രാഹുൽ എക്സിൽ പങ്കുവെച്ച വീഡിയോയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി “പേടിക്കരുത്” എന്നും അദ്ദേഹം പരിഹസിച്ചു.

മാധ്യമങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ താനും പ്രധാനമന്ത്രിയും ഒരു മേശയുടെ ഇരുവശങ്ങളിലുമായി ഇരുന്ന് സംസാരിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. ഈ ചർച്ചയിൽ ആരെ വേണമെങ്കിലും ജഡ്ജിയോ മധ്യസ്ഥനോ ആയി നിയമിക്കാൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ടെന്നും വേണമെങ്കിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിനെപ്പോലും ജഡ്ജിയുടെ കസേരയിൽ ഇരുത്താമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ ഇത്തരം ഒരു തുറന്ന ചർച്ച അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംവാദത്തിൽ താൻ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി വ്യക്തമായ സൂചന നൽകി. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെയും സാമ്പത്തിക ഘടനയെയും കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ ചർച്ചയിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയെപ്പോലും അറിയിക്കാതെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തനിച്ച് യു.എസ്. കരാർ ഉണ്ടാക്കിയതെന്നും ഇത്ര തിടുക്കത്തിൽ അത് ഒപ്പുവെക്കാൻ എന്താണ് കാരണമെന്നും അദ്ദേഹം ചോദിച്ചു. ഇതിനുപുറമെ, അദാനിക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്നും എപ്സ്റ്റീൻ വിഷയങ്ങളിൽ എന്താണ് സംഭവിച്ചതെന്നും തുറന്ന ചർച്ചയിലൂടെ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ 45-ഓളം അപകീർത്തിക്കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, എന്നാൽ ഈ വിദേശ ബന്ധ ആരോപണത്തിൽ തനിക്കെതിരെ അപകീർത്തിക്കേസ് നൽകാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ധൈര്യമുണ്ടെങ്കിൽ ഈ വിഷയത്തിലും തനിക്കെതിരെ കേസ് നൽകാൻ വെല്ലുവിളിച്ച അദ്ദേഹം, അത്തരം കേസും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കാമെന്ന് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് “ഹാപ്പി ദീപാവലി, മോദിജി” എന്ന് ആശംസിച്ചാണ് രാഹുൽ ഗാന്ധി തന്റെ സന്ദേശം അവസാനിപ്പിച്ചത്.

error: Content is protected !!