വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നു: ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്ക്കുമെന്ന് ഹമാസ്

ജറുസലം: ജനുവരി 19ന് ആരംഭിച്ച ഗാസ വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തിൽ. വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്ക്കുമെന്നും ഹമാസ് നിലപാട് സ്വീകരിച്ചു. ഹമാസ് ബന്ദികളെ വിടുന്ന ദൃശ്യങ്ങൾ നാത്സി തടങ്കൽപാളയങ്ങളിൽ നിന്നു മോചിപ്പിക്കപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നുവെന്നും ഇതു ക്ഷമ കെടുത്തുന്നെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം വിട്ട മൂന്ന് ഇസ്രയേലി ബന്ദികൾ അവശനിലയിലായിരുന്നതു പരാമർശിച്ചാണു ട്രംപ് ഇതു പറഞ്ഞത്. അതേസമയം, കഴിഞ്ഞ ദിവസം ദോഹയിലെത്തിയ ഇസ്രയേൽ പ്രതിനിധി സംഘം ഇന്നലെ മടങ്ങി.
തീവ്രനിലപാടുകാരായ നെതന്യാഹുവിന്റെ സഖ്യകക്ഷികൾ വെടിനിർത്തൽ അവസാനിപ്പിക്കാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ശേഷിക്കുന്നത് 76 ബന്ദികളാണ്. കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യുന്ന രണ്ടാം ഘട്ടം വെടിനിർത്തൽ സംബന്ധിച്ച ചർച്ച ഈ മാസം 4 ന് ആരംഭിക്കേണ്ടതായിരുന്നു.
അതേസമയം, കിഴക്കൻ ജറുസലമിൽ ദീർഘകാലമായി പലസ്തീൻ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ബുക് ഷോപ്പിൽ റെയ്ഡ് നടത്തിയ ഇസ്രയേൽ പൊലീസ്, ഉടമകളായ അഹ്മദ്, മഹ്മൂദ് എന്നിവരെ അറസ്റ്റ് ചെയ്തു. അക്രമം പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ വിറ്റെന്നാരോപിച്ചാണു നടപടി.

