റഷ്യൻ സൈന്യത്തിൽ ചേർന്നത് 217 ഇന്ത്യക്കാരെന്ന് കേന്ദ്രം; 49 പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായി

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ, 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സേനയിൽ ചേർന്നതായും 49 പേർ ഇതിനോടകം കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു.
49 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നും റഷ്യ അറിയിച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ സൈന്യത്തിൽ ചേർന്ന 23 ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി അജ്ഞാതമാണ്. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികാരികളുമായി നിരന്തരമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചുള്ളതാണ് റിപ്പോർട്ട്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി സ്റ്റാറ്റസ് റിപ്പോർട്ട് പരാമർശിച്ചു.
കാണാതായവരെ കണ്ടെത്താനും മരണപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാനും സഹായിക്കുന്നതിനായി, 21 പേരുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ റിപ്പോർട്ടുകൾ ശേഖരിച്ച് കേന്ദ്ര സർക്കാർ റഷ്യൻ അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു.
സംഭവം അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുകയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റഷ്യൻ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ട് വരുന്നുണ്ടെന്നും, കുടുംബങ്ങളെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹർജിയിൽ 26 പേരെ നാട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 14 പേർ മരിച്ചതായാണ് വിവരമെന്നും കേന്ദ്രം വ്യക്തമാക്കി. 11 പേരെ കാണാതായതായി റഷ്യൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒരാൾ ലൈംഗിക പീഡന ആരോപണത്തിൽ എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. ചില ഇന്ത്യൻ പൗരന്മാർ ആകർഷകമായ ശമ്പള പാക്കേജിൽ റഷ്യൻ സൈന്യത്തിൽ ചേരാൻ സ്വമേധയാ കരാറുകളിൽ ഒപ്പിട്ടതായി കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 5,000 യുഎസ് ഡോളറിന്റെ മുൻകൂർ ബോണസ്, പ്രതിമാസം ഏകദേശം 2,500 യുഎസ് ഡോളർ ശമ്പളം, കൂടാതെ റഷ്യൻ പൗരത്വം, മറ്റ് ആനുകൂല്യങ്ങൾ, മരിക്കുകയാണെങ്കിൽ ഏകദേശം 1,68,000 യുഎസ് ഡോളർ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്.
2024 ഫെബ്രുവരി മുതൽ തങ്ങൾ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും വലിയ തോതിൽ റഷ്യൻ സൈന്യത്തിൽ ചേർന്നതായി മനസ്സിലാക്കുന്നുവെന്നും കേന്ദ്രത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ പൗരന്മാരെ ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങൾ നൽകി റഷ്യയിലേക്ക് ആകർഷിക്കുന്ന അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കും മനുഷ്യക്കടത്ത് സംഘങ്ങൾക്കുമെതിരെയും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു. ഹർജി കൂടുതൽ വാദങ്ങൾക്കായി സുപ്രീംകോടതി മാറ്റിവെച്ചു.

