KSDLIVENEWS

Real news for everyone

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ വീണ്ടും ആക്രമണം: നെതന്യാഹു; വെടിനിർത്തൽ തുടരാൻ പ്രതിജ്ഞാബദ്ധമെന്ന് ഹമാസ്

SHARE THIS ON

ജറുസലം: ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ ആക്രമണം നടത്തുന്നതായി ആരോപിച്ച് ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടർന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ബന്ദികളെയെല്ലാം വിട്ടയക്കണമെന്നാണോ ശനിയാഴ്ച വിട്ടയക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്ന മൂന്നു ബന്ദികളുടെ കാര്യമാണോ നെതന്യാഹു മുന്നറിയിപ്പ് നൽകിയതെന്ന് വ്യക്തമല്ല.

ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ ധാരണ ലംഘിക്കുന്നത് ഇസ്രയേൽ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിർത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തിൽ വന്നതു മുതൽ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാൽ വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. 

അതേസമയം, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കരുതെന്ന തന്റെ രാജ്യത്തിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ പറഞ്ഞു. ‘ചർച്ചകളുടെ അടിസ്ഥാനത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് മേഖലയിൽ സ്ഥിരത കൈവരിക്കാൻ ആവശ്യം. അതിന് യുഎസിന്റെ നേതൃത്വം ആവശ്യമാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാനകാംഷിയാണ്. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അത് നിലനിർത്തുന്നു എന്ന് ഉറപ്പാക്കാൻ യുഎസിനെയും എല്ലാ പങ്കാളികളെയും ഞങ്ങൾ ഉറ്റുനോക്കുന്നു,” അബ്ദുല്ല രണ്ടാമൻ രാജാവ് പറഞ്ഞു.

ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയം നൽകുമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!