KSDLIVENEWS

Real news for everyone

സന്ദർശകരെ സ്വാഗതംചെയ്ത് ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’; പഹല്‍ഗാം സാധാരണനിലയിലേക്ക്; വിദേശികളടക്കം എത്തി

SHARE THIS ON

ശ്രീനഗർ: പച്ചപ്പാര്‍ന്ന പുല്‍മേടുകളും നീണ്ടുവളര്‍ന്ന പൈന്‍മരങ്ങളുമാണ് പഹല്‍ഗാമിന്റെ പ്രത്യേകത. കോടമഞ്ഞുപുതഞ്ഞ, ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശം സഞ്ചാരികളുടെ ഇഷ്ടതാഴ്‌വരയാണ്. വര്‍ഷം മുഴുവന്‍ കുളിരുപകരുന്ന ഇടം സഞ്ചാരികള്‍ക്കെപ്പോഴും ഉള്‍പ്പുളകം നിറഞ്ഞ ഒരനുഭവമാണ് തരിക. സ്വിറ്റ്‌സര്‍ലന്‍ഡിന് സമാനമാണ് അവിടത്തെ ഭൂപ്രകൃതി. അങ്ങനെ വന്നതാണ് മിനി സ്വിറ്റ്‌സര്‍ലന്‍ഡെന്ന പേര്.

ട്രക്കിങ്ങും സ്‌കീയിങ്ങും കുതിരസവാരിയുമൊക്കെയായി ഇക്കഴിഞ്ഞ 22-നും സഞ്ചാരികള്‍ സജീവമായിരുന്നു പഹല്‍ഗാമില്‍. എന്നാൽ, അന്നേദിവസം ഉച്ചകഴിഞ്ഞുണ്ടായ ഭീകരാക്രമണത്തോടെ വിനോദസഞ്ചാരികൾ അവിടെനിന്നും ചിതറിയോടി. പേടിച്ച് കശ്മീരില്‍നിന്നുതന്നെ രക്ഷപ്പെട്ടു ചിലർ. തോക്കുകളുമായെത്തിയ ഭീകരർ 26 പേരെ നിഷ്കരുണം കൊലപ്പെടുത്തി ആ പ്രദേശത്തിന്റെയാകെ ശാന്തത തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ്, ഹണിമൂണ്‍ യാത്രയ്ക്ക് വന്നവര്‍ വരെ ഭീകരരുടെ തോക്കിന്‍കുഴലിനിരകളായി.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പഹല്‍ഗാം അതിന്റെ പ്രതാപം തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലാണ്. കടകളൊക്കെ തുറന്നുതുടങ്ങി. താഴ്‌വര ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, പ്രദേശം വീണ്ടും ആഭ്യന്തര-വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളില്‍ പലരും പഹല്‍ഗാം സന്ദര്‍ശനം ഉള്‍പ്പെടെയുള്ള യാത്രാപദ്ധതികളുമായി മുന്നോട്ടുപോവുന്നു.

‘കശ്മീര്‍ ഇപ്പോള്‍ സുരക്ഷിതമാണ്. എല്ലാം തുറന്നിരിക്കുന്നു. വിനോദസഞ്ചാരികളും സുരക്ഷിതരാണ്. എല്ലാവരും വന്നുതുടങ്ങി. അതിനാല്‍ പദ്ധതിയുണ്ടെങ്കില്‍ ദയവായി വന്നോളൂ’ -കൊല്‍ക്കത്തയില്‍നിന്നുള്ള ഒരു വിനോദസഞ്ചാരിയുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍.

‘പേടിക്കാനൊന്നുമില്ല, സൈന്യവും സര്‍ക്കാരും നമ്മുടെ സുരക്ഷ ഉറപ്പുവരുത്തി ഇവിടെയുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് പേടിച്ച് തിരിച്ചുപോവാന്‍ ഒരുങ്ങിയതായിരുന്നു. പക്ഷേ, പ്രദേശത്തുകാരും സൈന്യവും തന്ന പ്രചോദനം ഞങ്ങളെ യാത്ര തുടരാന്‍ പ്രേരിപ്പിച്ചു’- ഗുജറാത്തില്‍നിന്നുള്ള മുഹമ്മദ് അനസിന്റെ വാക്കുകള്‍. ഭയപ്പെടുത്തുന്ന ഒന്നും ഇപ്പോള്‍ അവിടെയില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വിദേശ സഞ്ചാരികളും. കശ്മീര്‍ മനോഹരമാണെന്നും ഇവിടത്തെ ജനങ്ങള്‍ അതിദയാലുക്കളാണെന്നും ഒരു ക്രൊയേഷ്യന്‍ വനിതയും ദേശീയമാധ്യമങ്ങളോട് പറഞ്ഞു. സെര്‍ബിയയില്‍നിന്നുള്ളവരടക്കം ഇപ്പോള്‍ പഹല്‍ഗാമിലുണ്ട്.

പ്രതിദിനം 5000 മുതല്‍ 7000 വരെ സന്ദർശകർ വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് ആളുകള്‍ മാത്രമാണ് എത്തുന്നത്. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ ടൂറിസം വരുമാനംകൊണ്ട് മാത്രം ജീവിക്കുന്നവരാണ്. അവരുടെ ജീവിതോപാധി കൂടിയാണ് ഭീകരര്‍ ഇല്ലാതാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!