KSDLIVENEWS

Real news for everyone

ബാങ്കോക്കിൽനിന്ന് കോടികളുടെ ലഹരിക്കടത്ത്; മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

SHARE THIS ON

മുംബൈ: ബാങ്കോക്കിൽനിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 2025-ലെ മിസ്സിസ് കേരള  മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ കഞ്ചാവുമായി അറസ്റ്റിലായത്.

ജൂൺ പത്തിന് രാത്രിയിൽ ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹർഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ, വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. തുടർന്ന് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയിൽ ഇത് ഹൈഡ്രോപോണിക്‌ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത 11 കിലോയിലധികം തൂക്കം വരുന്ന ഈ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കും.

ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതിന് എൻ.ഡി.പി.എസ് നിയമപ്രകാരം ഹർഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!