പെരിയയിൽ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനെ കുറിച്ച് സൂചന: ഉടുമുണ്ടിന്റെ ഒരു ഭാഗം കയറില്‍ കല്ലുകെട്ടിയ നിലയില്‍ കണ്ടെത്തി; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടും ദുരൂഹത തുടരുന്നു

കാസർകോട്: പെരിയ, നവോദയ നഗറിൽ നിർമ്മാണത്തിലിരിക്കുന്ന സർവ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിനെ കുറിച്ച് സൂചന. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയ ആളാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക സൂചന. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ലാബിട്ടു മൂടിയ മാലിന്യക്കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ടാങ്കിനകത്തു നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നോക്കിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജ്, ഇൻസ്പെക്ടർ കെ.പി ഷൈൻ, എസ്.ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി.
പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും മരണകാരണം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല. മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നുമില്ല.
രാസപരിശോധനാ ഫലം ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുള്ളു. അതേ സമയം മൃതദേഹം കാണപ്പെട്ട സ്ഥലത്തിനു സമീപത്തെ കെട്ടിടത്തിനടുത്തു നിന്നു കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനെന്നു സംശയിക്കുന്ന ചില സാധനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ലാബിട്ടു മൂടിയ ടാങ്കിനകത്തു ചാക്കു വിരിച്ച് മലർന്നു കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഉടുത്തിരുന്ന ലുങ്കിയുടെ ഒരു ഭാഗം കീറി ചെറിയ കല്ലിൽ കെട്ടിയ നിലയിലും മറ്റൊരു ഭാഗം മുണ്ട് അഴിഞ്ഞു പോകാതിരിക്കാൻ അരയിൽ കെട്ടിയ നിലയിലും കാണപ്പെട്ടു. ഇതെന്തിനാണെന്നു വ്യക്തമല്ല. അന്വേഷണം തുടരുകയാണ്.

