വിജയ്ന്റെ സത്യപ്രതിജ്ഞ വൈകിയേക്കും: പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു; നാടകീയനീക്കങ്ങൾ

ചെന്നൈ: കേവലഭൂരിപക്ഷത്തിനുവേണ്ട എം.എൽ.എ.മാരുടെ പിന്തുണ ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ ടി.വി.കെ. നേതാവ് വിജയ്ന്റെ സത്യപ്രതിജ്ഞ വൈകിയേക്കും.
മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്തുനൽകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ഗവർണർ വിജയ്യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിന്റെകൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. അതേസമയം, വിജയ്യുടെ പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു.
ഗവർണറുടെ ചുമതല
ഭരണഘടനയുടെ 164-ാം അനുച്ഛേദപ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കുന്നത്. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ ആരെ ക്ഷണിക്കണം എന്നത് ഗവർണറുടെ വിവേചനാധികാരമാണ്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ അല്ലെങ്കിൽ കേവലഭൂരിപക്ഷമുള്ള മുന്നണിയെയോ സർക്കാർ രൂപവത്കരിക്കാൻ ഗവർണർ ക്ഷണിക്കുകയാണ് പതിവ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ബോധ്യം ഗവർണർക്കുണ്ടാകണം. അതിനാലാണ് പിന്തുണയ്ക്കുന്നവരുടെ കത്തുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്
എണ്ണമൊപ്പിക്കാൻ തീവ്രശ്രമം…
108 സീറ്റുനേടിയ ടി.വി.കെ.യ്ക്ക് കേവലഭൂരിപക്ഷത്തിന് 10 എം.എൽ.എ.മാരുടെ കുറവുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസിന്റെയും ഇടതു കക്ഷികളുടെയും സഹായംതേടിയ ടി.വി.കെ. അണ്ണാ ഡി.എം.കെ.യുമായും എൻ.ഡി.എ.യിലെ മറ്റൊരു ഘടക കക്ഷിയായ പി.എം.കെ.യുമായും അനൗപചാരിക ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ.യിൽ വലിയൊരു വിഭാഗം ടി.വി.കെ.യുമായി സഹകരിക്കണം എന്ന അഭിപ്രായക്കാരാണ്. ഇടതു കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ എൻ.ഡി.എ.യിലെ കക്ഷികളെ ടി.വി.കെ. ഔപചാരികമായി സമീപിക്കാൻ ഇടയുള്ളൂ.
കോൺഗ്രസ്- അഞ്ച് സീറ്റ്, ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തുനൽകി
മുസ്ലിംലീഗ്- രണ്ട് സീറ്റ്, ഒപ്പം ചേരില്ലെന്ന് പ്രഖ്യാപിച്ചു
സി.പി.എം., സി.പി.ഐ. – രണ്ടുസീറ്റ് വീതം. ഡി.എം.കെ. സഖ്യത്തിൽ തുടരുമെന്ന് വ്യക്തമാക്കി
തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ. ഭൂരിപക്ഷമൊപ്പിക്കാൻ ശ്രമം തുടരുന്നതിനിടെ ബദ്ധശത്രുക്കളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും തമ്മിൽ മന്ത്രിസഭയുണ്ടാക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച രാത്രി രഹസ്യചർച്ച നടക്കുന്നതായി റിപ്പോർട്ട്.
മന്ത്രിസഭയുണ്ടാക്കാൻ സഹായംതേടി അണ്ണാ ഡി.എം.കെ.യുടെ ചില നേതാക്കൾ സമീപിച്ചെന്നും തങ്ങൾ നിരസിച്ചെന്നുമാണ് ഡി.എം.കെ. വൃത്തങ്ങൾ പറയുന്നത്. പ്രതിപക്ഷത്തിരിക്കാനാണ് ഡി.എം.കെ. തീരുമാനമെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, പിന്തുണ തേടി ഡി.എം.കെ. നേതാക്കൾ സമീപിച്ചെന്നാണ് അണ്ണാ ഡി.എം.കെ. വൃത്തങ്ങളുടെ അവകാശവാദം. അനൗപചാരിക ചർച്ചകൾ തുടരുകയാണെന്നും അവർ പറയുന്നു.
എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയും എടപ്പാടി പളനിസ്വാമി ഉപമുഖ്യമന്ത്രിയുമായുള്ള സർക്കാരാണ് പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുണ്ട്. പരസ്പരം ശത്രുക്കളായി കാണുന്ന രണ്ടു പാർട്ടികൾ ഒന്നിക്കുന്നത് ഭാവിയിൽ ഇരുവർക്കും ദോഷമാകുമെന്ന ആശങ്കയുമുണ്ട്. ടി.വി.കെ.യുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കണമെന്ന അഭിപ്രായവും അണ്ണാ ഡി.എം.കെ.യിൽ ശക്തമാണ്.

