കെ.എസ്.ഇ.ബിയിൽ കഴിഞ്ഞവർഷം നടന്നത് 4252 ക്രമക്കേട്: വൈദ്യുതിമോഷണം മാത്രം 288; പിഴ ചുമത്തിയത് 41.14 കോടി

കോട്ടയം: കെഎസ്ഇബിയിലെ ആന്റി പവർ തെഫ്റ്റ് സ്ക്വാഡ്, 2024-25 സാമ്പത്തികവർഷം കണ്ടെത്തിയത് 288 വൈദ്യുതി മോഷണം. ചീഫ് വിജിലൻസ് ഓഫീസർ ബി.കെ. പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 31,213 പരിശോധന നടത്തി. അനധികൃത ലോഡ്, അനധികൃത എക്സ്റ്റെൻഷൻ, താരിഫ് ദുരുപയോഗം തുടങ്ങിയവയും ഉൾപ്പെടെ 4252 ക്രമക്കേടാണ് കണ്ടെത്തിയത്. 41.14 കോടി രൂപ പിഴ ചുമത്തി.
വൈദ്യുതിമോഷണക്കേസുകളിൽ 12.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് നഷ്ടം വന്നത്. മോഷണംമൂലമുണ്ടായ നഷ്ടം 2.28 കോടി രൂപ. വൈദ്യുതിമോഷണം കൂടുതലും വടക്കൻ ജില്ലകളിലാണ്. പിഴയടയ്ക്കാത്തതിനാൽ കഴിഞ്ഞവർഷം ഒരാൾക്കെതിരേ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. 2023-24-ൽ 411 വൈദ്യുതിമോഷണം കണ്ടെത്തിയിരുന്നു.
വൈദ്യുതിമോഷണം ക്രിമിനൽ കുറ്റം
കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതിമോഷണം നടത്തുന്നവർ തെറ്റ് മനസ്സിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴയടച്ചാൽ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കും. ഇത്തരത്തിൽ തെറ്റുതിരുത്താൻ ഒരാൾക്ക് ഒരവസരമേ ലഭിക്കൂ.
വൈദ്യുതിമോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതിഭവനിലെ സംസ്ഥാനകാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ വിളിച്ചറിയിക്കാം. ഇത് കൈമാറുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പാരിതോഷികവും നൽകും.
ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോൺ നമ്പർ
• വൈദ്യുതിഭവൻ, തിരുവനന്തപുരം – 0471 2444554
• തിരുവനന്തപുരം -9446008154, 8155
• കൊല്ലം -9446008480, 8481
• പത്തനംതിട്ട (തിരുവല്ല) -9446008484, 8485
• ആലപ്പുഴ -9496018592, 18623
• കോട്ടയം -9446008156, 8157
• ഇടുക്കി (വാഴത്തോപ്പ്) -9446008164, 8165
• എറണാകുളം -9446008160, 8161
• തൃശ്ശൂർ -9446008482, 8483
• പാലക്കാട് -9446008162, 8163
• മലപ്പുറം -9446008486, 8487
• കോഴിക്കോട് -9446008168, 8169
• വയനാട് (കൽപ്പറ്റ) -9446008170, 8171
• കണ്ണൂർ -9446008488, 8489
• കാസർകോട് -9446008172, 8173
• കോൾ സെന്റർ -1912, 9496010101.

