KSDLIVENEWS

Real news for everyone

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ടവിചാരണ, മര്‍ദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

SHARE THIS ON

പിണറായി: കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്ബായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.

യുവാവിൻറെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും വിട്ടുനല്‍കാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

റസീനയുടെ പിതാവ്: എ. മുഹമ്മദ്. മാതാവ്: സി.കെ. ഫാത്തിമ. ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയില്‍ ഭാഗം, ഗള്‍ഫ്). മക്കള്‍: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്ബറം എച്ച്‌എസ്‌എസ്), റസാന (മമ്ബറം, എച്ച്‌എസ്‌എസ്), നൂറ മെഹറിൻ (അറമുഖവിലാസം എല്‍പി സ്കൂള്‍). സഹോദരൻ: കെ. റനീസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!