മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസില്‍ മകന് അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍വെച്ച്

കാസര്‍കോട്: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് അറസ്റ്റില്‍. മഞ്ചേശ്വരം വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60)യെ കൊലപ്പെടുത്തിയ കേസില്‍ മകന് മെല്വിന് മൊണ്ടേറ ആണ് പിടിയിലായത്. അമ്മയെ തീകൊളുത്തിയശേഷം ഇയാള്‍ അയല്‍വാസിയായ സ്ത്രീയേയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തീകൊളുത്താന്‍ ശ്രമിച്ചിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ഉഡുപ്പി കുന്ദാപുരയില്‍ വെച്ചാണ് പിടികൂടിയത്. 200 കിലോമീറ്റര്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്വിന് അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ ലോലിറ്റയേയും മെല്വിന് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.