വീട് വാടകയ്ക്കെടുത്ത് ഒഎൽഎക്സിൽ വിൽപ്പന: യുവാവ് അറസ്റ്റിൽ; യുവതിക്കായി അന്വേഷണം ഊർജിതമാക്കി

കാക്കനാട്: ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്സിലൂടെ ‘വിൽപ്പന’ നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരേ ഫ്ളാറ്റുകൾ കാട്ടി മൂന്നുപേരിൽനിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വാഴക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന മിൻറു മണി (36) യെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
ഇയാൾ കേസിലെ രണ്ടാം പ്രതിയാണെന്നും ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ളാറ്റുകൾ ഒഎൽഎക്സിൽ പണയത്തിനു നൽകാമെന്ന് പരസ്യം നൽകി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും. ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരിൽനിന്നായി ലക്ഷങ്ങൾ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാൻ പണം നൽകി തട്ടിപ്പിനിരയായവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 6,50,000 രൂപയ്ക്ക് ഫ്ളാറ്റ് പണയത്തിനെടുത്ത വ്യക്തി താമസിക്കാൻ എത്തിയപ്പോഴാണ് ഇതേ ഫ്ളാറ്റ് പണയത്തിനു നൽകാമെന്നു പറഞ്ഞ് മറ്റു രണ്ടു പേരിൽനിന്നായി 8 ലക്ഷം രൂപ പ്രതികൾ വാങ്ങിയ കാര്യം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സമാന രീതിയിൽ തട്ടിപ്പിനിരയായ ഇരുപതോളം പേരാണ് പോലീസിൽ പരാതിയുമായി എത്തിയത്. തൃക്കാക്കര പോലീസ് മൂന്നു കേസുകളും ഇൻഫോപാർക്ക് പോലീസ് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തു.