ഇന്ത്യയ്ക്കും ചൈനയ്ക്കും തീരുവ ചുമത്തണം: ജി7 രാജ്യങ്ങളോടും ആവശ്യമുന്നയിച്ച് യു.എസ്

വാഷിങ്ടണ്‍: ജി7 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. കനേഡിയന്‍ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി7 രാജ്യങ്ങളുടെ യോഗത്തിലാണ് അമേരിക്കന്‍ പ്രതിനിധി ഈ ആവശ്യമുന്നയിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തണമെന്നായിരുന്നു ജി7-ലെ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ 100 ശതമാനം തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തേ യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുന്നതില്‍ മറ്റ് അംഗങ്ങളും അമേരിക്കയ്‌ക്കൊപ്പം അണിചേരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് യോഗത്തില്‍ പറഞ്ഞു. യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനകള്‍ യുഎസ് ട്രഷറി സെക്രട്ടറിയും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീറും ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു.
പുതിന്റെ യുദ്ധത്തിനുള്ള ഫണ്ടിങ് നല്‍കുന്ന വരുമാനമാര്‍ഗങ്ങള്‍ അതിന്റെ സ്രോതസ്സുകളില്‍തന്നെ വെട്ടിക്കുറയ്ക്കണം. അത്തരമൊരു ഏകീകൃതശ്രമത്തിലൂടെ മാത്രമേ അര്‍ഥശൂന്യമായ കൊലപാതകം അവസാനിപ്പിക്കാന്‍ കഴിയുന്ന സാമ്പത്തിക സമ്മര്‍ദം ചെലുത്താന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും പറഞ്ഞു. ഉപരോധങ്ങള്‍ കൊണ്ടുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെയും റഷ്യയുടെ മരവിപ്പിച്ച ആസ്തികള്‍ യുക്രൈന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ആഹ്വാനത്തെയും യുഎസ് സ്വാഗതംചെയ്തു.
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയ്ക്കുമേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ചചെയ്യാനായാണ് ജി7 കൂട്ടായ്മയുടെ യോഗംചേര്‍ന്നത്. റഷ്യയ്ക്ക് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാനായുള്ള വിവിധ സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു. തീരുവകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉപരോധങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങള്‍.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം 25 ശതമാനം തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയത്. പിന്നീട് ഇത് 50 ശതമാനമാക്കി വര്‍ധിപ്പിച്ചു. എന്നാല്‍, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്‌ക്കെതിരേ അധികത്തീരുവ ചുമത്താന്‍ ട്രംപ് തയ്യാറായിരുന്നില്ല.