KSDLIVENEWS

Real news for everyone

റഷ്യയെ നിയന്ത്രിക്കുന്നത് ചൈന: 100% തീരുവ ചുമത്തണം; നാറ്റോയുടെ പിന്തുണ തേടി ട്രംപ്

SHARE THIS ON

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു. റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ നിയന്ത്രണം ഉണ്ടെന്ന് ആരോപിച്ചാണ് ശിക്ഷാര്‍ഹമായ താരിഫുകള്‍ ഏര്‍പ്പെടുത്തണമെന്ന് ട്രംപ് വാദിച്ചത്.

യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും നടപടികളില്‍ പങ്കുചേരുകയും ചെയ്താല്‍ മാത്രം, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.


‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, വിജയിക്കാനുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തില്‍ താഴെയാണ്. ചിലര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് എന്നെ ഞെട്ടിച്ചു. എന്തായാലും, നിങ്ങള്‍ തയ്യാറാകുമ്പോള്‍ ഞാനും തയ്യാറാണ്. എപ്പോഴാണെന്ന് പറഞ്ഞാല്‍ മതി.’ ട്രംപ് പോസ്റ്റില്‍ എഴുതി.

റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ പിടിയും നിയന്ത്രണവും ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇത് മുന്‍നിര്‍ത്തിയാണ് ചൈനയ്ക്ക് മേല്‍ ശിക്ഷാര്‍ഹമായ താരിഫുകള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം വാദിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ ഈ താരിഫുകള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ ‘മാരകമായ, എന്നാല്‍ പരിഹാസ്യമായ യുദ്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 7,118 പേര്‍ കൊല്ലപ്പെട്ടതായി ആരോപിച്ചു. തന്റെ നേതൃത്വത്തില്‍ ഈ യുദ്ധം ‘ഒരിക്കലും ആരംഭിക്കുമായിരുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, യുദ്ധത്തെ ‘ബൈഡന്റെയും സെലെന്‍സ്‌കിയുടെയും യുദ്ധം’ എന്ന് മുദ്രകുത്തുകയും ചെയ്തു.

‘ഇത് അവസാനിപ്പിക്കാനും ആയിരക്കണക്കിന് റഷ്യന്‍, യുക്രേനിയന്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കാനുമാണ് ഞാന്‍ ഇവിടെയുള്ളത്. ഞാന്‍ പറയുന്നത് പോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും… അല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും അമേരിക്കയുടെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!