KSDLIVENEWS

Real news for everyone

കൊലപാതകത്തിന് കൂട്ടുനില്‍ക്കുന്ന അര്‍ജന്റീന കേരളത്തിലേക്ക് വരേണ്ട’; യു.എന്നിലെ നിലപാടിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകര്‍

SHARE THIS ON

ഐക്യരാഷ്ട്രസഭയില്‍ സ്വതന്ത്ര ഫലസ്തീനെ എതിര്‍ത്ത് അര്‍ജന്റീന വോട്ട് ചെയ്തതില്‍ വിമര്‍ശനവും എതിര്‍പ്പുമായി ആരാധകര്‍. സ്വതന്ത്ര ഫലസ്തീനിനെ അനുകൂലിച്ച് 142 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ അര്‍ജന്റീനയടക്കം പത്ത് രാജ്യങ്ങളാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.

ഇതോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുന്നത്. ഈ വിഷയത്തിലെ ഡൂള്‍ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡിന് കമന്റുമായി നിരവധി ആരാധകരാണെത്തുന്നത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയിലും ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

വേള്‍ഡ് കപ്പ് വരുമ്പോള്‍ അര്‍ജന്റീനയെ പിന്തുണയ്ക്കുന്നവര്‍ ഓര്‍ത്തുവെക്കുക പിഞ്ചുമക്കളെ കൊന്നൊടുക്കാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ്’, ഈ അര്‍ജന്റീനക്ക് വേണ്ടിയാണ് കേരള സമൂഹം വലിയ പണം ചിലവാക്കി സപ്പോര്‍ട്ട് ചെയ്യുന്നത്’, ‘മനുഷത്വമില്ലാത്ത ആ ചെന്നായ്ക്കളെ ഒറ്റപ്പെടുത്തി പുറം തള്ളേണ്ട സമയം അതിക്രമിച്ചു മാനുഷിക മൂല്യം മനസിലല്‍പ്പമുളളവര്‍ മനസിലാക്കട്ടെ’, ‘ഈ അര്‍ജന്റീനയേ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ചിലര്‍ കഷ്ടപ്പെടുന്നത്’ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം.

എന്നാല്‍ ഈ വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം എന്ത് പിഴച്ചു എന്ന് ചോദിക്കുന്നവരുമുണ്ട്.

നേരത്തെ ഫലസ്തിന്‍ അനുകൂല നിലപാട് സ്വീകരിച്ച രാജ്യമാണ് അര്‍ജന്റീന. 2010ല്‍ അര്‍ജന്റീന സ്വതന്ത്ര ഫലസ്തീനിനെ അംഗീകരിച്ചതുമാണ്. എന്നാല്‍ നിലവിലെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഇസ്രഈലിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.

യു.എന്‍ പൊതുസഭയില്‍ ഫ്രാന്‍സ് അവതരിപ്പിച്ച പ്രമേയത്തിനെതിരെയായിരുന്നു അര്‍ജന്റീന വോട്ട് രേഖപ്പെടുത്തിയത്. ഇസ്രഈലിനും ഫലസ്തീനുമിടയില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ’ അംഗീകരിക്കുന്ന പ്രമേയത്തിനെതിരെയായിരുന്നു അര്‍ജന്റീന നിലപാടെടുത്തത്.

അര്‍ജന്റീനയ്ക്ക് പുറമെ ഇസ്രഈല്‍, അമേരിക്ക, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പപ്പുവ ന്യൂ ഗിനി, പരാഗ്വേ, ടോംഗ എന്നിവരും പ്രമേയത്തെ എതിര്‍ത്തു.

അതേസമയം, ഇന്ത്യ ഈ പ്രമേയം അംഗീകരിച്ചു. സൗദി അറേബ്യയടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുന്ന ഈ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ടുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!