KSDLIVENEWS

Real news for everyone

GST പരിഷ്കരണം ഇന്ന് മുതൽ: സാധാരണക്കാർക്ക് വൻനേട്ടം; വിലകുറയുന്നവയും കൂടുന്നവയും

SHARE THIS ON

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്‌ടിയെന്ന ഉയർന്ന നിരക്കും നടപ്പിലാക്കുകയാണ്.

പുതിയ ഭേദഗതി നടപ്പാകുമ്പോൾ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി സാധാരണക്കാർ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച് നൽകിയാൽ മതിയാകും. ഇലക്ട്രോണിക്സ്, കൺസ്യൂമർ ഉത്പന്നങ്ങളുടെയും വിലയിൽ വലിയ അന്തരമുണ്ടാകും. ഉയർന്ന ജിഎസ്‌ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാർക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക.


ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാർനിർമാണ കമ്പനികൾ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തേ വിൽപ്പനയ്ക്കെത്തിയ ഉത്പന്നങ്ങളിൽ പരിഷ്കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുൻനിർത്തി ഇതിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.

ലൈഫ്-ആരോഗ്യ-ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കി. ഇന്ത്യൻ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും.

ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചു. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായാണ് കുറച്ചത്. അര ലിറ്ററിന് 10 രൂപയിൽനിന്ന് ഒൻപതുരൂപയാകും. റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും വിൽക്കുന്ന ഐആർസിടിസി/റെയിൽവേയുടെ പട്ടികയിലുള്ള മറ്റ് ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിനും ഈ വിലക്കുറവ് ബാധകമായിരിക്കും.

വില കുറയുന്നവ

വെണ്ണ, നെയ്യ്, പാലുത്പന്നങ്ങൾ, ഷാമ്പു, ഹെയർഓയിൽ, ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ, വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികൾ, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, മാർബിൾ, ഗ്രാനേറ്റ്, സിമന്റ് കൂടാതെ കൃഷി, ചികിത്സ, വസ്ത്ര മേഖലയിലും ചെലവിൽ വലിയ ആശ്വാസമുണ്ടാകും.

വില കൂടുന്നവ

പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 2,500 രൂപയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, കാർബണേറ്റ് പാനീയങ്ങൾ, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങൾ.

കേരളത്തിലും വിജ്ഞാപനമായി

ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് സംസ്ഥാനത്തും വിജ്ഞാപനമായി. വില കുറയുന്നോ എന്ന് നിരീക്ഷിക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പിന് സർക്കാരും നിർദേശം നൽകി. ഇതനുസരിച്ച് പല ഉത്പന്നങ്ങളുടേയും നിലവിലെ വിലയും നികുതി കുറയുമ്പോഴുള്ള വിലയും സംബന്ധിച്ച കണക്കുകൂട്ടലുകൾ വകുപ്പ് നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!