കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്സിറ്റി

മംഗളൂരു: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ഓണററി ഡോക്ടറേറ്റ് നൽകി മംഗളൂരു യെനെപോയ യൂണിവേഴ്സിറ്റി.
വിദ്യാഭ്യാസ സാമുദായിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.
മംഗളൂരു ദേരളക്കാട്ടെ യെനെപോയ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
വ്യക്തിപരമായ അംഗീകാര എന്നതിലുപരി, മർക്കസിന്റെ അക്കാദമിക് നേട്ടങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും ലഭിച്ച ആദരവായാണ് ഈ പുരസ്കാരത്തെ കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തനിക്ക് നൽകിയ വലിയ ബഹുമതിക്ക് യെനെപോയ സർവകലാശാലയ്ക്കും സർവകലാശാല ചാൻസലർ ഡോ. യെനെപോയ അബ്ദുള്ള കുഞ്ഞിക്കും കാന്തപുരം നന്ദി അറിയിച്ചു.

