KSDLIVENEWS

Real news for everyone

തീവണ്ടിയാത്രക്കാർക്ക് 20 രൂപയ്ക്ക് ഭക്ഷണം: കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു

SHARE THIS ON

ചെന്നൈ: തീവണ്ടിയാത്രക്കാർക്ക് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ‘ജനതാ ഖാന’ കൂടുതൽ സ്റ്റേഷനുകളിലേക്ക് ദക്ഷിണ റെയിൽവേ വ്യാപിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ തൈര് സാദം, ലെമൺ റൈസ്, പുളിസാദം തുടങ്ങിയവയാണ് റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാളുകൾക്ക് വിതരണം ചെയ്യുന്നത്.

‘വൺ സ്റ്റേഷൻ വൺ പ്രൊഡക്ടഡ്’ എന്ന പദ്ധതി വിജയിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ ജനതാ ഖാനയും വിതരണം ചെയ്യാനുള്ള തീരുമാനം. റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ച സ്റ്റാളുകൾ വഴിയാണ് ജനതാ ഖാന വിതരണം. തീവണ്ടികളിലെ ജനറൽ കോച്ചുകളിലുള്ളവരെ ഉദ്ദേശിച്ചാണ് പദ്ധതി ആരംഭിച്ചത്. ഇതുപ്രകാരം ദക്ഷിണ റെയിൽവേയിലെ 27 സ്റ്റേഷനുകളിൽ 20 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പദ്ധതിക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമുണ്ടായതിനെത്തുടർന്നാണ് കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിക്കുന്നത്.

വാരാന്ത്യദിനങ്ങളിൽ യാത്രത്തിരക്ക് കൂടുതലുള്ള സ്റ്റേഷനുകളിൽ ജനത ഖാന വിതരണംചെയ്യാൻ താത്കാലികസ്റ്റാളുകൾ പ്രവർത്തിക്കാറുണ്ടെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

ചെന്നൈ ഡിവിഷനിൽ ചെന്നൈ സെൻട്രൽ, എഗ്‌മോർ, താംബരം, ആർക്കോണം, ചെങ്കൽപ്പെട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ 11 സ്റ്റേഷനുകളിൽ ജനതാ ഖാന വിതരണംചെയ്യുന്നു. തിരുച്ചിറപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിലായി ജനതാ ഖാന വിതരണം ചെയ്യുന്നുണ്ട്‌. പൂരിയും കറിയുമാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ അധികൃതർ അറിയിച്ചു.

അതേസമയം, ചെന്നൈയിലെ സബർബൻ സ്റ്റേഷനുകളിലടക്കം 62 സ്റ്റേഷനുകളിലായി 84 വൺ സ്റ്റേഷൻ വൺ പ്രൊഡക്ടഡ് സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ കാഞ്ചീപുരം സാരികൾ, കരകൗശല ഉത്പന്നങ്ങൾ എന്നിവ വിതരണംചെയ്യുന്നു. യാത്രക്കാരിൽനിന്ന് ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!