KSDLIVENEWS

Real news for everyone

വിമാനത്തില്‍ ഇനി പവര്‍ ബാങ്ക് വേണ്ട: കര്‍ശന നിരോധനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

SHARE THIS ON

2025 ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിക്കാനൊരുങ്ങി ലോകത്തിലെ തന്നെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ്. പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതുന്നതിനും വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

എമിറേറ്റ്‌സ് വിമാനത്തിലെ എല്ലാ സീറ്റുകളിലും ഇന്‍ സീറ്റ് ചാര്‍ജിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ സ്വന്തം ഇലക്ട്രോണിക് ഡിവൈസുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റുകള്‍, ക്യാമറകള്‍ തുടങ്ങിയവയ്‌ക്കൊപ്പം പവര്‍ ബാക്ക്അപ്പിനായി യാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതാറുണ്ടായിരുന്നു. ഇതിനാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

വിമാന യാത്രക്കാര്‍ക്ക് അവരുടെ ക്യാബിന്‍ ബാഗില്‍ പവര്‍ ബാങ്ക് കരുതാന്‍ എയര്‍ലൈന്‍സുകള്‍ അനുവദിക്കാറുണ്ട്. എന്നാല്‍, വിമാന യാത്രയില്‍ അത് ഉപയോഗിക്കുന്നതിന് ചില എയര്‍ലൈന്‍സുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുമുണ്ട്. ചെക്ക് ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് സൂക്ഷിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ലിഥിയം ബാറ്ററികളുടെ അപകടസാധ്യതകള്‍ പരിഗണിച്ചാണ് ഇപ്പോള്‍ പവര്‍ ബാങ്ക് പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലിഥിയം അയേണ്‍ ബാറ്ററിയും ലിഥിയം പോളിമെര്‍ ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ ബാങ്കുകള്‍ക്ക് കേടുപാട് സംഭവിക്കുകയോ ഓവര്‍ ചാര്‍ജ് ആകുകയോ ചെയ്താല്‍ തീപിടിത്തത്തിന് കാരണമാകുമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാരുടെ സൗകര്യത്തിന് ഇന്‍ സീറ്റ് ചാര്‍ജിങ് സംവിധാനം നല്‍കുന്നതിനൊപ്പം അപകട സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

അതേസമയം, പവര്‍ ബാങ്കുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുന്ന ആദ്യ എയര്‍ലൈന്‍ കമ്പനിയല്ല എമിറേറ്റ്‌സ്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയ ഏതാനും കമ്പനികള്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പവര്‍ ബാങ്കുകളുമായി യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശം അനുസരിച്ചാണ് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!