KSDLIVENEWS

Real news for everyone

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാനക്കരാറില്‍ എത്തിച്ചേരണം: ഇല്ലെങ്കില്‍; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

SHARE THIS ON

വാഷിങ്ടണ്‍: ഹമാസിന് കടുത്തഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ നിലപാട് പ്രഖ്യാപനം.

നിരവധി വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് എന്നാണ് ട്രംപിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അവര്‍ ആളുകളെ കൊല്ലുകയും (ജീവിതം അസഹനീയമാക്കുകയും) ചെയ്തിട്ടുണ്ട്. ഇതിന്റെ പാരമ്യമായിരുന്നു ഒക്ടോബര്‍ ഏഴാം തീയതി ഇസ്രയേലില്‍ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, കൂടാതെ നിരവധി യുവതീയുവാക്കളും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴാം തീയതിയിലെ ആക്രമണത്തിന് നേരിട്ട തിരിച്ചടിയില്‍ ഹമാസിന്റെ കാല്‍ലക്ഷത്തിലധികം സൈനികര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്നതില്‍ അധികംപേരും സൈനികവലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മുന്നോട്ടു പൊയ്‌ക്കോളൂ എന്ന തന്റെ ഒരു വാക്കില്‍ അവരുടെ ജീവിതം നൊടിയിടയ്ക്കുള്ളില്‍ ഇല്ലാതാകുമെന്ന് ട്രംപ് കുറിപ്പില്‍ പറയുന്നു.

ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെ ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കും. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, എല്ലാവരെയും. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ. ഇപ്പോള്‍തന്നെ. വാഷിങ്ടണ്‍ ഡിസി സമയം വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ് കരാറില്‍ എത്തിച്ചേര്‍ന്നിരിക്കണം. അവസാന അവസരമായ ഇത് പ്രയോജനപ്പെടുത്താത്തപക്ഷം ആരും ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരകം ഹമാസിന് നേര്‍ക്ക് പൊട്ടിപ്പുറപ്പെടും, ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറിൽ നിർദേശമില്ല. ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കിൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്നും നിബന്ധനകൾ നിലവിൽ വന്നുകഴിഞ്ഞാൽ ഇസ്രായേലി സേന ഘട്ടംഘട്ടമായി പിന്മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!