ഇസ്രായേൽ തടഞ്ഞുവെച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ഒരു സംഘം യാത്രക്കാർ തുർക്കിയിലെത്തി

ഇസ്താംബൂള്‍: അന്താരാഷ്ട്ര ജലാശയത്തില്‍ ഇസ്രായേല്‍ തടഞ്ഞുവച്ച ഗ്ലോബല്‍ സുമുദ് ഫ്ലോട്ടിലയിലെ യാത്രക്കാരുമായി പുറപ്പെട്ട ഒരു വിമാനം ഇസ്രായേലിലെ എലാറ്റിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഇസ്താംബൂളിലെത്തി.
ഇസ്താംബൂളിലെത്തിയ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില പ്രവർത്തകരെ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടർന്ന് ഫ്ലോട്ടിലയില്‍ ഉണ്ടായിരുന്ന പ്രവർത്തകരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ഫിദാൻ പ്രശംസിച്ചു.
നീതിക്കും മാനുഷിക മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറിയവരാണ് ഈ ധീരരായ വ്യക്തികളെന്ന് ഫിദാൻ പറഞ്ഞു. അനഡോലു റിപ്പോർട്ട് അനുസരിച്ച് 36 തുർക്കി പൗരന്മാർ ഉള്‍പ്പെടെ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയിലെ 137 അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യുഎസ്, യുഎഇ, അള്‍ജീരിയ, മൊറോക്കോ, ഇറ്റലി, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, സ്വിറ്റ്സർലൻഡ്, തുനീഷ്യ, ജോർദാൻ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുള്ളതെന്ന് തുർക്കി നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചതായി ടിആർട്ടി വേള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. തടങ്കലില്‍ വെച്ച സമയത്ത് ഇസ്രായേല്‍ അധികാരികളില്‍ നിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയരായെന്നും മൂന്ന് ദിവസത്തേക്ക് വെള്ളം നിഷേധിച്ചുവെന്നും പ്രാർഥിക്കാൻ പോലും അനുവദിച്ചില്ലെന്നും ഒരു തുർക്കി ആക്ടിവിസ്റ്റ് പറഞ്ഞതായി ടിആർടി വേള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.

