KSDLIVENEWS

Real news for everyone

പുതിയ ടോള്‍ നിയമം: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യൂ.പി.ഐ വഴി അടച്ചാല്‍ ഫീസ് കുറയും

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശീയ പാതകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. 2025 നവംബര്‍ 15 മുതല്‍ ഈ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും.

നാഷണല്‍ ഹൈവേസ് ഫീ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച്, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക്, അവര്‍ പണം അടയ്ക്കുന്ന രീതി അനുസരിച്ചാണ് ടോള്‍ ഈടാക്കുക.

പണമായി അടയ്ക്കുമ്പോള്‍ (Cash Payment): ടോള്‍ പ്ലാസകളില്‍ പണം ഉപയോഗിച്ച് ടോള്‍ അടയ്ക്കുന്നവര്‍ സാധാരണ ടോള്‍ ഫീസിന്റെ ഇരട്ടി തുക തുടര്‍ന്നും നല്‍കേണ്ടിവരും.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ (UPI): യുപിഐ പോലുള്ള ഡിജിറ്റല്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ ടോളിന്റെ 1.25 ഇരട്ടി മാത്രമേ ഫീസ് നല്‍കേണ്ടതുള്ളൂ.
മുമ്പ്, പണമായി അടയ്ക്കുന്നവരും യുപിഐ പോലുള്ള ഡിജിറ്റല്‍ മോഡുകള്‍ ഉപയോഗിക്കുന്നവരും ഇരട്ടി ടോള്‍ നല്‍കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

പുതിയ മാറ്റം എങ്ങനെ ഉദാഹരണം നോക്കാം-

സാധാരണ ഫാസ്ടാഗ് ടോള്‍ ഫീസ് 100 രൂപയാണെങ്കില്‍:

പണമായി അടക്കുമ്പോള്‍ 200 രൂപ നല്‍കണം.
യുപിഐ വഴി അടച്ചാല്‍: 125 രൂപ നല്‍കിയാല്‍ മതി
എന്തുകൊണ്ട് ഈ മാറ്റം ?

ഡിജിറ്റല്‍ പേയ്മെന്റുകളെ പ്രോത്സാഹിപ്പിക്കുക, പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഡിജിറ്റല്‍ ഇടപാടുകള്‍ സുതാര്യത വര്‍ധിപ്പിക്കുകയും യാത്ര വേഗവും സുഗമമാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!