ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

കാസർകോട്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയുടെ മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ലെന്ന് പൊലീസ്. ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു. അതേസമയം അന്വേഷണം തുടരും.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ചിന്നു പാപ്പുവിനെ കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
5 വർഷം മുൻപാണ് ചിന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് ഒരു വർഷം മുൻപ് ഭർത്താവുമായി അകന്നു. ഈ ബന്ധത്തിൽ 4 വയസ്സുള്ള മകനുണ്ട്. ചിന്നുവിന്റെ മാതാപിതാക്കൾക്കൊപ്പം ആദൂരിലാണ് കുട്ടി താമസിക്കുന്നത്. ഏറെക്കാലമായി സമൂഹമാധ്യങ്ങളില് ചിന്നു സജീവമാണ്. ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കാസർകോട് ഭാഷയിലാണ് ചിന്നു വിഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷൻ വിഡിയോകളും ചെയ്തിരുന്നു.

