വോട്ടെണ്ണലിനുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജം, ആഹ്ലാദപ്രകടനം നിയന്ത്രിക്കാൻ അധികൃതർക്ക് അവകാശമുണ്ട്’;മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽകർ

തിരുവനന്തപുരം: വോട്ടെണ്ണലിനുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കി കഴിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽകർ. 20,028 സർവീസ് പോസ്റ്റൽ ബാലറ്റുകൾ കൂടി തിരികെ ലഭിച്ചതോടെ ആകെ വോട്ടിങ് ഏകദേശം 79.70 ശതമാനം ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
17,565 പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ട്. 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
ഈപ്രാവശ്യം ക്യുആർ കോഡ് അടിസ്ഥാനത്തിൽ ഐഡി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ കാർഡ് ഉള്ളവർക്ക് മാത്രമേ കൗണ്ടിങ് സ്റ്റേഷനിൽ കയറാൻ കഴിയൂവെന്നും രത്തൻ കേൽകർ പറഞ്ഞു.
വോട്ടെണ്ണൽ കഴിഞ്ഞ് 48 മണിക്കൂർവരെ പെരുമാറ്റ ചട്ടം നിലനിൽക്കും. മെയ് ആറുവരെയാണ് നിലവിൽ പെരുമാറ്റച്ചട്ടം നിലനിൽക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതിൽ മാറ്റംവരുത്താൻ അധികാരമുണ്ട്. ആഹ്ലാദ പ്രകടനത്തിൽ നിയന്ത്രണംവരുത്താൻ ജില്ലാ ഭരണസംവിധാനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

