KSDLIVENEWS

Real news for everyone

പാഠപുസ്തകവിവാദം; ‘രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യം, ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചു’; മറുപടിയുമായി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമ‍ർശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും.

രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചുവെന്നും യുഡിഎഫ് കാലത്ത് കുട്ടികള്‍ തെരുവിലിറങ്ങേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പരാമ‍ർശം വിദ്യാ‍ർത്ഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങള്‍ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോള്‍ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.

ഒമ്പതാം ക്‌ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു പാഠപുസ്തക വിതരണം നേരത്തെ നടത്തിയതില്‍ രമേശ് ചെന്നിത്തലയുടെ പരാമർശം. പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും വി ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണ് എന്നാണ് ചെന്നിത്തല പറ‍ഞ്ഞത്. പുസ്‌തകം നേരത്തെ കൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എഴുത്തോലയില്‍ എഴുതി പഠിച്ച കാലം നാട്ടില്‍ ഉണ്ടായിട്ടുണ്ട്. പാഠപുസ്തകം എല്ലാ വർഷവും കൃത്യമായി തൃക്കാക്കരയിലെ പ്രസില്‍ അടിക്കുന്നതല്ലേ? അത് സർക്കാരിൻ്റെ ഭരണ നേട്ടമായി പറഞ്ഞു നടക്കണോ എന്നും ചോദിച്ച രമേശ് ചെന്നിത്തല വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നത് തുഗ്ലക്ക് പരിഷ്കാരങ്ങളെന്നും ആവർത്തിച്ചിരുന്നു. ഈ പരാമർശത്തിലാണ് മുഖ്യമന്ത്രിയും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!