KSDLIVENEWS

Real news for everyone

ദേശീയപാത വികസനത്തിനിടെ സംസ്ഥാനത്ത് 23 മരണം: കൂടുതൽ മരണം കൊല്ലത്ത്

SHARE THIS ON

ആലപ്പുഴ: ദേശീയപാത വികസനത്തിനിടയിൽ സംസ്ഥാനത്ത് 23 മരണങ്ങളുണ്ടായെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്. ജനുവരി 15 വരെയുള്ള കണക്കാണിത്. ഇതിൽ 22 പേരും നിർമാണത്തൊഴിലാളികളാണ്. ഒരു മരണം എരമല്ലൂരിൽ പിക്കപ് വാനിനു മേൽ കോൺക്രീറ്റ് ഗർഡർ വീണും. മരിച്ചവരിൽ ഭൂരിഭാഗവും കുഴിക്കൽ, ഷട്ടറിങ്, ഹെവി മെഷിനറി പണികൾ എന്നിവയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്.

ഗതാഗത നിയന്ത്രണം, ബാരിക്കേഡ്, വഴി തിരിച്ചുവിടൽ, സൂചനാ ബോർഡ്, രാത്രിക്കാഴ്ച, ജോലിസ്ഥലത്തെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ വീഴ്ചയുണ്ടെന്നു റോഡ് സുരക്ഷാ ഓഡിറ്റുകളിൽ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഉയരത്തിൽനിന്നു വീഴ്ച, മണ്ണിടിയൽ, ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ, വൈദ്യുതി അപകടങ്ങൾ, ഗർഡർ തകർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു.എന്നാൽ, ഗുരുതരമല്ലാത്ത അപകടങ്ങളുടെ എണ്ണം, തൊഴിലാളികൾക്കും യാത്രക്കാർക്കും ഉണ്ടായ പരുക്കുകൾ എന്നിവയുടെ വിശദ വിവരങ്ങൾ മന്ത്രാലയത്തിന്റെ മറുപടിയിൽ ഇല്ലെന്നു കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി. ഇതു സുരക്ഷയുടെ പൂർണവിവരം നൽകുന്നതിലെ സുതാര്യതയെപ്പറ്റി ആശങ്കയുണ്ടാക്കുന്നു.

നിർമാണത്തിന്റെ വിവിധ പാക്കേജുകളിൽ ഊരാളുങ്കൽ, മേഘ എൻജിനീയറിങ്, വിശ്വസമുദ്ര, അദാനി സ്ഥാപനങ്ങൾ, ശിവാലയ കൺസ്ട്രക്‌ഷൻസ്, അശോക ബിൽഡ്കോൺ എന്നിവയാണു കരാറുകാർ. റിപ്പോർട്ട് ചെയ്ത സംഭവങ്ങളിൽ നഷ്ടപരിഹാരം 10 ലക്ഷം രൂപ മുതൽ 34.42 ലക്ഷം വരെയാണ്. ഇതിൽ ഒട്ടേറെ എണ്ണത്തിന്റെ നടപടികൾ പൂർത്തിയായിട്ടില്ല. സുരക്ഷയിലെ സുതാര്യത ആവശ്യപ്പെട്ട് കരാറുകാർക്കു ചുമത്തിയ പിഴകൾ, പണി നിർത്തിവയ്ക്കാൻ നൽകിയ നോട്ടിസുകളുടെ വിശദാംശങ്ങൾ, ഏതെങ്കിലും കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുകയോ കരാർ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തണമെന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ദേശീയപാതയിൽ സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് നടത്തണം, നഷ്ടപരിഹാര നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം,തൊഴിൽ മേഖലയിലെ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം എന്നീ  ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

കൂടുതൽ മരണം കൊല്ലത്ത്
കൊല്ലം– 7
ആലപ്പുഴ– 5
കാസർകോട്– 4 
തൃശൂർ– 3 
കണ്ണൂർ– 3 
കോഴിക്കോട്– 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!