സമസ്തയിൽ നിന്ന് ഞങ്ങള്‍ പുറത്തുപോയതല്ല, അന്ന് നടന്നതൊന്നും ഇപ്പോൾ വന്നവർക്ക് അറിയില്ല: ജിഫ്രി തങ്ങൾക്ക് കാന്തപുരത്തിന്റെ മറുപടി

മലപ്പുറം: സമസ്ത ഇ.കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.
‘ഞങ്ങള്‍ സമസ്തയിൽ നിന്ന് പുറത്തുപോയതല്ലെന്ന്’- കാന്തപുരം പറഞ്ഞു. സമസ്ത അന്ന് എടുത്ത ചില തീരുമാനങ്ങളിൽ വിയോജിച്ചാണ് ഇറങ്ങിപോയത്. അന്ന് നടന്നതൊന്നും ഇപ്പോൾ വന്നവർക്ക് അറിയില്ലെന്നും ജിഫ്രി തങ്ങളെ ഉന്നമിട്ട് കാന്തപുരം പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ ചേര്‍ന്ന എപി വിഭാഗം സമസ്തയുടെ നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിട്ടുപോയ സുന്നി സംഘടനകള്‍ തിരിച്ചുവരണമെന്ന് ഇ.കെ വിഭാഗത്തിന്റെ സമസ്ത നൂറാം വാർഷികത്തിൽ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിട്ടുപോയ സുന്നിസംഘടനകള് മാതൃസംഘടനയിലേക്ക് തിരികെ വരണമെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന. നമ്മള് ഘര്‍വാപസി എന്നൊക്കെ കേട്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കാസര്‍കോട് കുണിയയില്‍ നടന്ന ഇ.കെ വിഭാഗത്തിന്റെ സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്തായിരുന്നു നൂറാം വാർഷിക മഹാസമ്മേളനം സമാപിച്ചത്.
അതേസമയം സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്നാണ് സമസ്ത എപി വിഭാഗം അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നത്. രണ്ട് സമസ്ത എന്നതിന് പകരം ഒരു സമസ്തയായി മാറാനും അതിനുള്ള ചർച്ചകൾക്കും ഐക്യത്തിനുമായി എപ്പോഴും തയ്യാറാണെന്നും കാന്തപുരം വ്യക്തമാക്കി.

