KSDLIVENEWS

Real news for everyone

സുന്നി ഐക്യം; പല മണ്ഡലങ്ങളുടെയും രാഷ്ട്രീയചരിത്രം തിരുത്തിയെഴുതും

SHARE THIS ON

മലപ്പുറം: ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത ഇ.കെ. വിഭാഗവും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന സമസ്ത എ.പി. വിഭാഗവും തമ്മിലുള്ള ഐക്യം സജീവ ചർച്ചയിലാണ്. രണ്ട് മത സംഘടനകൾ തമ്മിലുള്ള ഐക്യത്തിനപ്പുറം, വ്യത്യസ്ത മുന്നണികളെ പിന്തുണക്കുന്നവരുടെ യോജിപ്പ് എന്ന രാഷ്ട്രീയമാനം കൂടി ഇതിലുണ്ട്.

ജിഫ്രി തങ്ങൾ ഐക്യത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സുന്നി ഐക്യം കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് കാന്തപുരവും പറഞ്ഞതോടെയാണ് ഐക്യനീക്കം വീണ്ടും സജീവമായത്. ശനിയാഴ്ച രാത്രി കോട്ടയ്ക്കലിൽ നടന്ന സമസ്ത നൂറാം വാർഷിക വിളംബര സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ ചരിത്രപ്രധാന പ്രഖ്യാപനം. ഐക്യനീക്കങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും രംഗത്തെത്തി. അതോടെ സുന്നി ഐക്യ നീക്കത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം കൈവന്നു.

ഇരു വിഭാഗം സമസ്തയുടെയും ലയനമോ പൂർണാർത്ഥത്തിലുള്ള ഐക്യമോ നടപ്പായില്ലെങ്കിൽപ്പോലും യു.ഡി.എഫിന്, വിശേഷിച്ചും മുസ്ലിം ലീഗിന് ഇത് വലിയ നേട്ടമാകും. കാരണം, സമസ്തയുടെ പിളർപ്പിന് ഒരു കാരണമായി പറഞ്ഞിരുന്നത് ലീഗിന്റെ ഇടപെടലുകളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. ഇപ്പോൾ ഇരുകൂട്ടരും സുന്നി ഐക്യമെന്ന ആശയം മുന്നോട്ടുവെക്കുമ്പോൾ കാന്തപുരം വിഭാഗത്തിന് ലീഗിനോടുള്ള അകൽച്ചയും കുറഞ്ഞുവെന്ന് മനസ്സിലാക്കണം. അതുകൊണ്ടുതന്നെ, പൊതു കാര്യങ്ങളിൽ ഐക്യത്തോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചാൽപ്പോലും ലീഗിന് തിരഞ്ഞെടുപ്പുകളിൽ നേട്ടമാകും.

കേരളത്തിലെ മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷം വരുന്ന സുന്നി ആശയക്കാരുടെ സംഘടനയായ സമസ്ത 1989 -ലാണ് പിളർന്നത്. പിന്നീട്, കാന്തപുരം അബൂബക്കർ മുസ്ലിയാരോട് ചേർന്നുനിന്നവർ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപവത്കരിച്ചു. അവർ മിക്ക തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെയാണ് പിന്തുണച്ചത്. അത് മലബാറിലെ പല മണ്ഡലങ്ങളിലും ലീഗിന് തിരിച്ചടിയായി. സി.പി.എമ്മിനാകട്ടെ, യു.ഡി.എഫിന്റെ ചില കുത്തക മണ്ഡലങ്ങളടക്കം പിടിച്ചടക്കാനുമായി.

എന്നാൽ, സമീപകാലത്തായി ലീഗും കാന്തപുരം വിഭാഗവും തമ്മിലുള്ള അകലം വലിയ തോതിൽ കുറഞ്ഞു. വിദ്വേഷപ്രസ്താവനകൾ നടത്തിവന്ന വെള്ളാപ്പള്ളി നടേശനോടുള്ള സി.പി.എം. സമീപനം ഇടതുപക്ഷത്തോട് അകൽച്ചയുണ്ടാകാനും കാരണമായി. മുൻപത്തെപ്പോലെ, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേട്ടുചെയ്യാൻ അണികൾക്ക് നിർദേശം നൽകിയതുമില്ല. അതിന്റെ ഗുണം യു.ഡി.എഫിന് കിട്ടി. മലബാറിൽ ഇത്രയേറെ പഞ്ചായത്തുകൾ പിടിച്ചെടുക്കാൻ സഹായിച്ചത് ആ പിന്തുണകൂടിയാണ്.

പരസ്യമായി പ്രഖ്യപിച്ചേക്കില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗം യുഡിഎഫിന് അനുകൂല സമീപനം സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. അത് പല മണ്ഡലങ്ങളുടെയും രാഷ്ട്രീയചരിത്രം തിരുത്തിയെഴുതും. അതേസമയം, യു.ഡി.എഫിലെ ഏതെല്ലാം സ്ഥാനാർഥികളെ സംഘടന പിന്തുണക്കുമോയെന്ന് കാത്തിരുന്ന് കാണണം.

ലീഗ് ഉൾപ്പെടെ എല്ലാവരുമായും ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്നും സുന്നി ഐക്യം അഭിലാഷമാണെന്നും കാന്തപുരം പറഞ്ഞതോടെയാണ് ഐക്യ ചർച്ചകൾ തുടങ്ങിയത്. സമസ്തയും ലീഗും അതിനോട് അനുകൂലമായി പ്രതികരിച്ചു. കാന്തപുരം വിഭാത്തിന്റെ കേരളയാത്രയിൽ ലീഗ് നേതാക്കളടക്കം പങ്കെടുത്തതും ശ്രദ്ധേയമായി. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ഐക്യത്തിനും സംഘടന വിട്ടുപോയവർ തിരിച്ചെത്തണമെന്നും ആഹ്വാനം ചെയ്തത്. ഒരുപടികൂടി കടന്നാണ് ഐക്യം അനിവാര്യമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചത്.

error: Content is protected !!