KSDLIVENEWS

Real news for everyone

ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റേതും ആത്മഹത്യ; സൈബർ ആക്രമണം തളർത്തിയെന്നു സൂചന

SHARE THIS ON

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയുടെ ആൺസൃഹൃത്ത് സന്ദേശിന്റേത് (30) തൂങ്ങിമരണമെന്ന് പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്. ഞായർ ഉച്ചയ്ക്കാണ് കു‍ഡ്‌ലു മന്നിപ്പാടി ഐശ്വര്യ നിലയത്തിൽ കെ. സന്ദേശിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഫെബ്രുവരി 9നാണ് രേഷ്മ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. സന്ദേശും രേഷ്മയും ഒരുമിച്ചായിരുന്നു താമസം. രേഷ്മയുടെ മരണത്തിനു പിന്നാലെ സന്ദേശിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. സൈബർ ആക്രമണത്തെത്തുടർന്ന് സന്ദേശ് മനോവിഷമത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സന്ദേശും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വിട്ടയച്ചു. രേഷ്മയുടെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സന്ദേശും ആത്മഹത്യ ചെയ്തത്. സന്ദേശിന് പെയിന്റിങ് ജോലിയായിരുന്നു. 

രേഷ്മയെ ഫോണിൽ വിളിച്ചിട്ട് മറുപടി ഇല്ലാതെ വന്നതോടെയാണ് സന്ദേശ് മറ്റൊരാളോടൊപ്പം വാടക വീട്ടിലെത്തി നോക്കിയത്. മുറിയിൽ രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ സന്ദേശ് നിലവിളിച്ചു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് രേഷ്മയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ സന്ദേശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രേഷ്മയുടെ പിതാവ് ആദൂർ ആലന്തടുക്കയിലെ ഗംഗാധരൻ, സഹോദരൻ രതീഷ് എന്നിവർ മരണത്തിൽ സംശയം പ്രകടിപ്പച്ചതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

5 വർഷം മുമ്പായിരുന്നു രേഷ്മയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് പിന്നീട് ഭർത്താവുമായി അകന്നു. ഈ ബന്ധത്തിൽ 4 വയസ്സുള്ള മകനുണ്ട്. രേഷ്മയുടെ മാതാപിതാക്കൾക്കൊപ്പം ആദൂരിലാണ് കുട്ടി താമസിക്കുന്നത്. ഏറെക്കാലമായി സമൂഹ മാധ്യമത്തിൽ സജീവമായ രേഷ്മയ്ക്ക് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കാസർകോട് ഭാഷയിലാണ് രേഷ്മ വിഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷൻ വിഡിയോകളും ചെയ്തിരുന്നു. ഏറെ ഊർജസ്വലമായി വിഡിയോ അവതരിപ്പിച്ചിരുന്ന രേഷ്മയുടെ വിയോഗത്തിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ സന്ദേശും ആത്മഹത്യ ചെയ്തത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!