വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 2 പേര് മരിച്ചു: ഭക്ഷ്യ വിഷബാധയെന്ന് സംശയം; ഹോട്ടല്‍ പൂട്ടിച്ചു

വിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കൊല്ലം നിലമേല്‍ സ്വദേശികളായ റഷീദാ ബീവി , മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.
ഇന്നലെ തിരുവനന്തപുരം എത്തിയ ഇവർ വിഴിഞ്ഞത്ത് നിന്ന് ഇവർ ഉള്‍പ്പെട്ട കുടുംബം ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ഇവർ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച രണ്ട് പേരും നിലവില്‍ ആശുപത്രിയിലുള്ളയാളും മീൻ മുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇവർ ഭക്ഷണം കഴിച്ച വിഴിഞ്ഞതെ ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു. ഇവർക്കൊപ്പം ഭക്ഷണം കഴിച്ചത് ആറ് പേരില്‍ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിഴിഞ്ഞത്ത് വൈകിട്ട് മാത്രം തുറക്കുന്ന ഹോട്ടലില്‍ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്.
ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. സജീന ഉള്‍പ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്

