KSDLIVENEWS

Real news for everyone

കോഴിക്കോട്ട് ലഹരിവേട്ട: ദമ്പതികൾ അറസ്റ്റിൽ; വിവരം നൽകിയത് കുമാരി അരുൺ

SHARE THIS ON

കോഴിക്കോട്: ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ദമ്പതികൾ അറസ്റ്റിൽ. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി ‘കുമാരി’യെന്ന അരുൺ പിടിയിലായ കേസിൽ നടത്തിയ  ചോദ്യംചെയ്യലിൽ ലഭിച്ച വിവരമനുസരിച്ചാണ് നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി.നിർഫാന എന്നിവർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും മെഡിക്കൽ കോളജ് പൊലീസിന്റെയും പിടിയിലായത്.

ഇടപാടുകാരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ ‘ഡോൺ’ എന്നാണ് ഇർഫാൻ അറിയപ്പെട്ടു വന്നത്. രാത്രിയിൽ മാത്രം പുറത്തിറങ്ങി വിൽപന നടത്തുന്ന രീതിയാണ് ഇയാൾ പിന്തുടർന്നു വന്നത്. ഒപ്പം ഭാര്യയും ഉണ്ടാകും. പൊലീസിന്റെ പിടിയിൽ ആകാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ.

ബ്യൂട്ടീഷനായി രാവിലെ പ്രവർത്തിച്ചുവന്ന നിർഫാനയും ഭർത്താവും നഗരത്തിലെ ലഹരിമരുന്നു മൊത്തവ്യാപാര ശൃംഖലയിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം. വ്യാജ ഐഡി കാർഡുകളും പത്ത് മൊബൈൽ നമ്പരുകളും ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ഇടപാടുകൾക്കായി ആറോളം വാഹനങ്ങളും ഇർഫാൻ ഉപയോഗിച്ച് വന്നത് പൊലീസിനെ കുഴക്കിയിരുന്നു. കല്ലായിയിലെ ഷൂ കടയുടെ മറവിലും പ്രതി ഇർഫാൻ ലഹരിമരുന്നു കച്ചവടം നടത്തിയതായി വിവരമുണ്ട്.

ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഇർഫാനും നിർഫാനയും പിടിയിലായത്. 2025 ൽ 25 ഗ്രാം എംഡിഎംഎയുമായി തൊണ്ടയാട് സ്വദേശി അക്ഷയയിൽ  നിന്ന് പിടികൂടിയ കേസിലും ഇവർ പ്രതികളാണ്. ഇർഫാന്റെ രണ്ടു സഹോദരങ്ങൾക്കെതിരെ ലഹരിമരുന്ന് ഉപയോഗിച്ചതിനും കടത്തിയതിനും കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!