വയനാട് ടൗൺഷിപ്പ്: ഫെബ്രുവരി 25-ന് നടക്കേണ്ട ഉദ്ഘാടനം മാറ്റി; മാർച്ച് 1-ന് ജനങ്ങൾക്ക് തുറന്നുനൽകും

മാനന്തവാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് നടക്കേണ്ടിയിരുന്ന ചടങ്ങ് മാർച്ച് 1-ന് ഉച്ചയ്ക്ക് ശേഷം 4 മണിക്ക് നടക്കും. ടൗൺഷിപ്പിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ സമയം ആവശ്യമായതുമാണ് തീയതി നീട്ടാൻ കാരണം. ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസുകളിൽ നിന്നാണ് വിവിധ വകുപ്പുകളിലേക്ക് സന്ദേശം ലഭിച്ചത്. മറ്റന്നാൾ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. 1662 പേർക്ക് ഇവിടെ അഭയമൊരുങ്ങും. 1000 ചതുരശ്രയടിയിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കത്തക്ക രീതിയിലാണ് ഒറ്റനില വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ രണ്ടാം നില പണിയാനുള്ള അടിത്തറയും ഇതിനുണ്ട്.
പ്രധാന കിടപ്പുമുറി ഉൾപ്പെടെ രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടിന്റെയും ഭാഗമാണ്. വീടുകൾക്ക് പുറമെ ഒരു സ്വയംപര്യാപ്ത ഗ്രാമത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ലാബ്, ഫാർമസി, ഒപി, വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ. കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, പാർക്കിങ് ഏരിയ. മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ. അങ്കണവാടി, കളിസ്ഥലങ്ങൾ, പൊതുറോഡുകൾ എന്നിവയും സജ്ജീകരിക്കും.
കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 2025 മാർച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് പുരോഗമിക്കുന്നത്.
മാർച്ച് 1-ന് വൈകീട്ട് 3-ന് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും സ്പെഷ്യൽ ഓഫീസർ എസ്. സുഹാസ് നന്ദിയും പറയും.

