സുധാകരന് പരിഭവമുണ്ട്: കഴിവും അനുഭവ സമ്പത്തും സിപിഎമ്മിനെ സഹായിക്കാൻ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ; ബേബി

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിന്റെ അവഗണനയും പരിഹാസവും ചൂണ്ടിക്കാട്ടി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന ജി.സുധാകരന്റെ നിലപാടിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അദ്ദേഹത്തിന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച ബേബി, ജി.സുധാകരനിൽനിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണെന്നും ബേബി പറഞ്ഞു. സുധാകരനെ സിപിഎം നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും ബേബി കൂട്ടിച്ചേർത്തു.
‘ജി.സുധാകരനിൽനിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ല. ചില പ്രയോഗത്തിലൊക്കെയുള്ള അദ്ദേഹത്തിന്റെ പരിഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചതാണ്. അദ്ദേഹത്തെ ഞങ്ങളൊക്കെ ബന്ധപ്പെടുന്നുണ്ട്. ജി.സുധാകരന്റെ അനുഭവ സമ്പത്തും കഴിവും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ’ ബേബി പ്രതികരിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരെ രൂക്ഷമായി വിമർശിച്ചായിരുന്നു സുധാകരന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് കുറിച്ച്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മാനദണ്ഡപ്രകാരം മാറ്റിനിർത്തിയതിൽ അദ്ദേഹം അതൃപ്തനായിരുന്നു. 75 വയസ്സായതോടെ 2022-ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റി ഓഫീസിനു കീഴിലുള്ള ബ്രാഞ്ചിലാണ് ഇപ്പോൾ പ്രവർത്തനം. ഇത്തവണ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പരസ്യമായി അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ അദ്ദേഹത്തിന്റെ പേര് അമ്പലപ്പുഴ മണ്ഡലത്തിൽ പരിഗണനയ്ക്കു വന്നിരുന്നു. എന്നാൽ, മാനദണ്ഡപ്രകാരം മാറ്റിനിർത്തിയവരെക്കുറിച്ച് ചർച്ച വേണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത എം.വി. ഗോവിന്ദൻ പറഞ്ഞു. സുധാകരന്റെ കാര്യത്തിൽ പരിഗണനയുണ്ടോയെന്ന ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്നായിരുന്നു മാധ്യമങ്ങളോട് ഗോവിന്ദന്റെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു ഗോവിന്ദൻ പരിഹസിച്ചു എന്നടക്കം ചൂണ്ടിക്കാട്ടിയുള്ള സുധാകരന്റെ പോസ്റ്റ്.

