KSDLIVENEWS

Real news for everyone

മലയോരഹൈവേ നന്ദാരപ്പദവ്-ചേവാർ പാതയുടെ 24 കിലോമീറ്റർ പൂർത്തിയാക്കി: ജില്ലയുടെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം

SHARE THIS ON

കാസർകോട്: മലയോരമേഖലകളുടെ മുഖച്ഛായ മാറ്റുന്ന 126.30 കിലോമീറ്റർ ദൈർഘ്യമുള്ള മലയോരഹൈവേ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. നാല് റീച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ ഒന്നാംറീച്ചായ നന്ദാരപ്പദവ്-ചേവാർ പാതയുടെ 24 കിലോമീറ്റർ ദൂരം പൂർത്തിയായി.

വനഭൂമി ഉൾപ്പെടാത്ത ഈ ഭാഗം 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കി പൊതുമരാമത്തുവകുപ്പിന് കൈമാറിയിട്ടുണ്ട്. രണ്ടാംറീച്ചായ ചേവാർ മുതൽ എടപ്പറമ്പ് വരെയുള്ള 28 കിലോമീറ്റർ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. എടപ്പറമ്പ് ഭാഗത്ത് നാലുകിലോമീറ്റർ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങൾ കാരണം നിലവിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിലെ നിർമാണം ഈ മാസം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഇതോടെ ജില്ലയുടെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

മൂന്നും നാലും റീച്ചുകളിൽ വനഭൂമിയിലൂടെയുള്ള പാതാ നിർമാണമാണ് പ്രധാന വെല്ലുവിളി. കോളിച്ചാൽ മുതൽ എടപ്പറമ്പ് വരെയുള്ള മൂന്നാംറീച്ചിൽ 3.95 കിലോമീറ്റർ വനഭൂമിയുണ്ട്. ഇതിന് പകരമായി വനംവകുപ്പിന് നൽകേണ്ട 4.33 ഹെക്ടർ ഭൂമിയുടെ വിവരങ്ങളും ജിയോ കോർഡിനേറ്റ് സർവേ സ്കെച്ചും കേന്ദ്ര പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വനംവകുപ്പിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ ഭാഗത്തെ തടസ്സങ്ങളും നീങ്ങും. മൂന്നാംറീച്ചിൽ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിർമാണം പൂർത്തിയായിട്ടുണ്ട്.

അതേസമയം, നാലാംറീച്ചായ കോളിച്ചാൽ-ചെറുപുഴ പാതയിൽ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിർമാണം പൂർത്തിയായിട്ടുണ്ട്.

വനമേഖലയിലൂടെ കടന്നുപോകുന്ന 3.19 കിലോമീറ്ററിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി, നവീകരണ പ്രവർത്തനങ്ങൾക്കുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ.) സമർപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!