KSDLIVENEWS

Real news for everyone

മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ചാമ്പലാക്കും: ഖാര്‍ഗ് ദ്വീപിലെ ആക്രമണത്തിന് പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

SHARE THIS ON

തെഹ്‌റാന്‍: ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം യുഎസ് തുടര്‍ന്നാല്‍ മേഖല ഒന്നാകെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍. മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ചാമ്പലാകുമെന്ന് ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്.

‘ഇറാനിയന്‍ എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം തുടരുന്നത് അംഗീകരിക്കാനാവില്ല. ഇനിയും തുടരുന്നപക്ഷം, മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ഞങ്ങള്‍ ലക്ഷ്യം വെക്കും. അധികം വൈകാതെ മേഖലയിലെ എണ്ണപ്പാടങ്ങള്‍ ചാരമായി മാറും’. ഖത്തം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രസ്താവിച്ചു.

ഖാര്‍ഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഖാര്‍ഗ് ദ്വീപിലെ ഇറാന്റെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും യുഎസ് നശിപ്പിച്ചെന്നും അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. ‘മര്യാദയുടെ ഭാഗമായി’ നിലവില്‍ എണ്ണ കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടിട്ടില്ലെന്നും കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ കേന്ദ്രങ്ങളിലും ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തങ്ങളുടെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട പ്രധാന ദ്വീപുകളില്‍ ആക്രമണം നടത്തിയാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമികളുടെ രക്തം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഒഴുകുമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗറിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധം 15ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മൂന്ന് നിബന്ധനകള്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നെങ്കിലും എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം മേഖലയെ കൂടുതല്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!